
ദോഹ: ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിനെ സൗദി അറേബ്യയിലെ അടുത്ത ഇന്ത്യൻഅംബാസഡറായി നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. റിയാദിൽ നിലവിലെ അംബാസഡറായ ഡോ. സുഹേൽ അജാസ് ഖാന്റെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലാണ് വിപുലിന്റെ പുതിയ നിയമനം. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ അദ്ദേഹം ഉടൻ തന്നെ റിയാദിലെത്തി ചുമതലയേൽക്കും.1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ ഗൾഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഇന്ത്യയുടെ നിർണായകമായ പല നയതന്ത്ര ചുമതലകളും വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.കെയ്റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയം, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ തന്റെ നയതന്ത്ര മികവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
2014 - 2017 കാലയളവിൽ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ / ജോയൻറ് സെക്രട്ടറിയായിരുന്നു.
2017 മുതൽ 2020 വരെ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറലായി മികച്ച പ്രവർത്തനം കാഴ്ചവെച്ചു.2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയൻറ് സെക്രട്ടറി (ഗൾഫ്) പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് മുൻപാകെ അദ്ദേഹം ഇന്ത്യൻ അംബാസഡറായി ഔദ്യോഗിക ചുമതലാപത്രം സമർപ്പിച്ചത്. ഖത്തറിലെ പ്രവാസികൾക്കിടയിലും ഭരണാധികാരികൾക്കിടയിലും ഒരുപോലെ മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇപ്പോൾ സൗദിയിലേക്ക് നിയോഗിക്കപ്പെടുന്നത്.
നയതന്ത്ര രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ മികച്ച വിദ്യാഭ്യാസ യോഗ്യതകൾ വിപുൽകരസ്ഥമാക്കിയിരുന്നു. 1994-ൽ പ്രശസ്തമായ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (IIT) നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ (ISB) നിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിപുലിന്റെ സേവനം ഇനി ഇന്ത്യ-സൗദി ബന്ധങ്ങളിലും പുതിയ അധ്യായം കുറിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











