
വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിൽ തിരികെ പ്രവേശിച്ച സൈനികനാണ് ഇപ്പോൾ രാജ്യമാകെ ചർച്ചകളിൽ നിറയുന്നത്. മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോർ എന്ന എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് രാജ്യത്തിനാകെ മാതൃകയും അഭിമാനവുമായി മാറുന്നത്. ഇസാപൂർ എയർ ഫോഴ്‌സ് സ്‌റ്റേഷനിൽ സേവനം അനുഷ്ഠിക്കുന്ന മോഹിത് രാത്തോറിന്റെ വിവാഹം ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള നിർദ്ദേശം ലഭിച്ചു. ഇതോടെ നവവരൻ അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനായി യാത്ര ആരംഭിക്കുകയും ചെയ്തു. അവധിയിൽ പോയ സൈനികരെ ഇന്ത്യ - പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തിരികെ വിളിക്കുകയാണ്. ഇതിന്റെ കൂട്ടത്തിലാണ് മോഹിത്തിനോടും ജോലിയിൽ പ്രവേശിക്കാൻ വ്യോമസേന നിർദ്ദേശിച്ചത്.
വിവാഹത്തോട് അനുബന്ധിച്ച് ഏപ്രിൽ 15 മുതൽ മെയ് 15 വരെ മോഹിത് അവധിയെടുത്തിരുന്നു. വ്യാഴാഴ്ചയായിരുന്നു വന്ദനയുമായി മോഹിതിന്റെ വിവാഹം. അതിന് പിന്നാലെയാണ് അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനുള്ള ഓർഡർ വരുന്നത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഡൽഹിയിലേക്ക് യാത്ര തിരിച്ചു. രാജ്യമാണ് വലുതെന്നും അതിനാൽ അവധി റദ്ദാക്കി മടങ്ങാൻ ആവശ്യപ്പെട്ടതിൽ തനിക്ക് ദുഃഖമില്ലെന്നും മോഹിത് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂർണമായ പിന്തുണ നൽകി. തങ്ങളുടെ മകൻ രാജ്യത്തെ സേവിക്കുന്നതിൽ വലിയ അഭിമാനം തോന്നുന്നുവെന്ന് മോഹിതിന്റെ മാതാപിതാക്കൾ പറഞ്ഞു. ആറ് വർഷം മുൻപാണ് മോഹിത് വ്യോമസേനയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുക എന്നത് വലിയ സ്വപ്‌നമായിരുന്നു. വർഷങ്ങൾ നീണ്ട പ്രയത്‌നത്തിന് ശേഷം 2019-ൽ യോഗ്യത നേടി.











