01:54am 23 August 2026
NEWS
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം
22/08/2026  06:42 PM IST
nila
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ഗായത്രി ഗോപീചന്ദ്–ട്രീസ ജോളി സഖ്യം വെങ്കല മെഡൽ ഉറപ്പിച്ചു. സെമിഫൈനലിൽ ലോക ഒന്നാം റാങ്കുകാരായ ചൈനയുടെ ലിയു ഷെങ്ഷു–ടാൻ നിങ് സഖ്യത്തോട് തോറ്റതോടെയാണ് ഇന്ത്യൻ താരങ്ങൾക്ക് വെങ്കലം ലഭിച്ചത്. മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ സ്കോർ 21-18, 13-21, 8-21.

ആദ്യ ഗെയിമിൽ 21-18ന് ജയിച്ച് ഗായത്രിയും ട്രീസയും ചൈനീസ് താരങ്ങളെ ഞെട്ടിച്ചു. എന്നാൽ രണ്ടാം ഗെയിമിൽ താളം കണ്ടെത്തിയ ലിയു–ടാൻ സഖ്യം 21-13ന് ഗെയിം സ്വന്തമാക്കി തിരിച്ചുവന്നു.

മൂന്നാം ഗെയിമിൽ ചൈനീസ് താരങ്ങൾ പൂർണ ആധിപത്യം പുലർത്തി. തുടക്കത്തിൽ തന്നെ ലീഡ് നേടിയ അവർ 21-8ന് ഗെയിം സ്വന്തമാക്കി ഫൈനൽ ബെർത്ത് ഉറപ്പിച്ചു.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മൂന്നാം റാങ്കുകാരായ ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ–ലീ സോ ഹീ സഖ്യമാണ് ചൈനീസ് ജോഡിയുടെ എതിരാളികൾ.

15 വർഷത്തിന് ശേഷം മെഡൽ

ലോക ചാമ്പ്യൻഷിപ്പിലെ വനിതാ ഡബിൾസിൽ ഇന്ത്യയുടെ 15 വർഷത്തെ മെഡൽ കാത്തിരിപ്പിനാണ് ഗായത്രി–ട്രീസ സഖ്യം വിരാമമിട്ടത്. 2011ൽ ജ്വാല ഗുട്ട–അശ്വിനി പൊന്നപ്പ സഖ്യമാണ് ഇതിനുമുമ്പ് ഇന്ത്യയ്ക്കായി ഈ ഇനത്തിൽ വെങ്കലം നേടിയിരുന്നത്.

അതേസമയം, ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന മലയാളി താരങ്ങളുടെ പട്ടികയിലും ട്രീസ ജോളി ഇടംപിടിച്ചു. 2023ലെ പുരുഷ സിംഗിൾസിൽ വെങ്കലം നേടിയ എച്ച്.എസ്. പ്രണോയിക്ക് ശേഷം ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടുന്ന മലയാളി താരമാണ് ട്രീസ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img