01:32am 18 January 2026
NEWS
ഇന്ത്യയിലെ സമ്പത്തിന്റെ 40 ശതമാനവും കൈവശം വെച്ചിരിക്കുന്നത് ഒരു ശതമാനം ആളുകൾ; 50 ശതമാനം ജനങ്ങൾക്ക് ലഭിക്കുന്നത് വരുമാനത്തിന്റെ 15 ശതമാനം മാത്രം; ഇന്ത്യയിൽ വരുമാന അസമത്വം രൂക്ഷമെന്ന് റിപ്പോർട്ട്
12/12/2025  07:52 AM IST
nila
ഇന്ത്യയിലെ സമ്പത്തിന്റെ 40 ശതമാനവും കൈവശം വെച്ചിരിക്കുന്നത് ഒരു ശതമാനം ആളുകൾ;  50 ശതമാനം ജനങ്ങൾക്ക് ലഭിക്കുന്നത് വരുമാനത്തിന്റെ 15 ശതമാനം മാത്രം; ഇന്ത്യയിൽ വരുമാന അസമത്വം രൂക്ഷമെന്ന് റിപ്പോർട്ട്

മുംബൈ: വരുമാന അസമത്വം ഏറ്റവും ഉയർന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. പുതിയ ആ​ഗോള വരുമാന അസ്വമത്വ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശീയ വരുമാനത്തിന്റെ വലിയൊരു ഭാഗം കൈവശം വെച്ചിരിക്കുന്നത് ഒരു ചെറു വിഭാഗം ജനങ്ങളാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പത്തുശതമാനം ആളുകൾക്ക് മൊത്തം വരുമാനത്തിന്റെ 58 ശതമാനം കിട്ടുകയാണ്. അതേസമയം, താഴത്തെ 50 ശതമാനം ജനങ്ങൾക്ക് ലഭിക്കുന്നത് വരുമാനത്തിന്റെ 15 ശതമാനം മാത്രമാണെന്നും വേൾഡ് ഇൻഇക്വാലിറ്റി ലാബ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സമ്പത്തിന്റെ വിതരണത്തിലും സമാനമായ അസമത്വം നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 65 ശതമാനവും ഏറ്റവും സമ്പന്നരായ പത്തുശതമാനം ആളുകളുടെ കൈവശത്തിലാണ്. അതിലും അതിസമ്പന്നരായ ഒരു ശതമാനത്തിനാണ് സമ്പത്തിന്റെ 40 ശതമാനം കൈവശമുളളത്. 2021 വരെ നിലവിലെ പ്രവണത അനുസരിച്ച്, ഇന്ത്യയിൽ വരുമാനത്തിന്റെ വലിയ വിഹിതം ഏതാനും സമ്പന്നരായ ആളുകൾക്കു മാത്രം ലഭിക്കുന്ന അവസ്ഥ തുടരുകയാണ്.

രാജ്യത്തെ ശരാശരി വ്യക്തി വാർഷിക വരുമാനം 6.59 ലക്ഷം രൂപ (6200 യൂറോ) ആണ്. ശരാശരി സമ്പത്ത് ഏകദേശം 29.65 ലക്ഷം രൂപ (28,000 യൂറോ) വരെയാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 15.7 ശതമാനത്തോളം മാത്രമാണെന്നും കഴിഞ്ഞ ഒരു ദശാബ്ദത്തിലും ഇതിൽ വലിയ പുരോഗതിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് തയ്യാറാക്കിയ സാമ്പത്തിക വിദഗ്ധർ ജയന്തി ഘോഷ്, ജോസഫ് സ്റ്റിഗ്ളിസ് എന്നിവർ വരുമാനം, സമ്പത്ത്, ലിംഗം എന്നിവയിലെ അസമത്വം ഇന്ത്യയിൽ ഇപ്പോഴും രൂക്ഷമായി നിലനിൽക്കുകയാണെന്ന് അഭിപ്രായപ്പെടുന്നു.

ആഗോള തലത്തിൽ സമ്പത്ത് ചരിത്രത്തിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയിട്ടും അതിന്റെ വിതരണം ക്രമമല്ല. ലോകത്തിലെ ഏറ്റവും സമ്പന്നരായ 0.001 ശതമാനം ആളുകൾക്ക് താഴത്തെ 50 ശതമാനം ജനങ്ങളുടെ മൂന്നു മടങ്ങിലധികം സമ്പത്താണ് കൈവശമുളളത്. 1995-ലുണ്ടായിരുന്ന ഈ വിഹിതം നിലവിലെ ആറ് ശതമാനമായി ഉയരുകയും, സമ്പത്ത് ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ ചേരിതിരിഞ്ഞു കൂടുകയുമാണ്. ആഗോള അസമത്വം വേഗത്തിൽ വർദ്ധിക്കുകയാണ്, ഏറ്റവും സമ്പന്നരായ പത്തുശതമാനത്തിന്റെ കൈവശം ആഗോള സമ്പത്തിന്റെ നാലിൽ മൂന്നു ഭാഗത്തേയ്ക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, താഴത്തെ 50 ശതമാനത്തിന്റെ വിഹിതം വെറും രണ്ട് ശതമാനമാത്രം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img