12:34am 23 June 2026
NEWS
സ്കോച്ചിനും കാറുകൾക്കും വിലകുറയും; ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ
22/06/2026  06:24 PM IST
nila
സ്കോച്ചിനും കാറുകൾക്കും വിലകുറയും; ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (സിഇടിഎ) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വാഹനങ്ങളുടെയും സ്കോച്ച് വിസ്കിയുടെയും വിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയും നിക്ഷേപ-വാണിജ്യ സാധ്യതകൾ വിപുലീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കരാർ നടപ്പാക്കുന്നത്.

കരാറിന്റെ ഭാഗമായി യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന യാത്രാവാഹനങ്ങളുടെ തീരുവ അടുത്ത 15 വർഷത്തിനിടെ ഘട്ടംഘട്ടമായി കുറയ്ക്കും. നിലവിൽ 110 ശതമാനത്തോളം ഉള്ള ഇറക്കുമതി നികുതി 10 ശതമാനമായി താഴ്ത്താനാണ് തീരുമാനം. ആഭ്യന്തര വാഹന വ്യവസായത്തെ സംരക്ഷിക്കുന്നതിനായി കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളെ ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആദ്യ വർഷം 20,000 വാഹനങ്ങൾ കുറഞ്ഞ നികുതിയിൽ ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ടാകും. തുടർന്ന് ക്വാട്ട വർധിപ്പിച്ച് അഞ്ചാം വർഷം മുതൽ പ്രതിവർഷം 37,000 വാഹനങ്ങൾ വരെ ഈ ആനുകൂല്യം ലഭ്യമാകും. ആകെ 3.78 ലക്ഷം വാഹനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അവസരമാണ് കരാർ നൽകുന്നത്.

മദ്യമേഖലയിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. സ്കോച്ച് വിസ്കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ നിലവിലെ 150 ശതമാനത്തിൽ നിന്ന് ഉടൻ 75 ശതമാനമാക്കും. പത്ത് വർഷത്തിനകം ഇത് 40 ശതമാനമായി കുറയും. ഇതോടെ ഇന്ത്യയിലെ സ്കോച്ച് വിസ്കി വില കുറയാനും ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ലഭിക്കാനും സാധ്യതയുണ്ട്.

ഇന്ത്യൻ കയറ്റുമതിക്കാർക്കും കരാർ വലിയ നേട്ടമാകും. 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള ബ്രിട്ടീഷ് വിപണിയിലേക്ക് കൂടുതൽ സൗകര്യത്തോടെ പ്രവേശിക്കാൻ അവസരം ലഭിക്കും. നിലവിലെ സാഹചര്യത്തെ അപേക്ഷിച്ച് ഏഴ് മുതൽ പത്ത് ശതമാനം വരെ നികുതി ആനുകൂല്യം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

സ്റ്റീൽ മേഖലയിലും ആശ്വാസമുണ്ട്. ഇന്ത്യയുടെ 85 ശതമാനം സ്റ്റീൽ കയറ്റുമതിയും ബ്രിട്ടന്റെ ചില നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും. ഐടി ഉൾപ്പെടെയുള്ള സേവനമേഖലയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അഞ്ച് വർഷം വരെ പ്രത്യേക ഇളവുകൾ ലഭിക്കുന്നതും കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായകമാകും.

ധനകാര്യം, വിദ്യാഭ്യാസം, കൺസൾട്ടിങ് തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപ സാധ്യതകൾ സൃഷ്ടിക്കാനും ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കാനും ഈ കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img