08:49am 27 August 2026
NEWS
ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നു
06/05/2025  08:31 PM IST
nila
ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നു

ന്യൂഡൽഹി: ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നു. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി സംസാരിച്ചെന്നും നരേന്ദ്രമോദി വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.  

"ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായി. ഇരുരാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വർധിക്കും." മോദി 'എക്‌സ്' പോസ്റ്റിലൂടെ പറഞ്ഞു. 

സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി ചർച്ച തുടരുകയായിരുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ കാലത്താണ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത്. വർഷങ്ങൾ നീണ്ട ചർച്ചകളാണ് പൂർത്തിയായിരിക്കുന്നത്. കരാർ ഒപ്പിടാൻ കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തുമെന്നാണ് വിവരം.

ബ്രിട്ടനിലെ  ഇന്ത്യക്കാരുടെ വിസ, യുകെയിൽ നിന്നുള്ള കാറുകളുടെയും സ്‌കോച്ച് വിസ്‌കിയുടെയും മേലുള്ള നികുതി, കാർബൺ ബഹിർഗമനം, അധികമായി വേണ്ടിവരുന്ന ഉരുക്ക്, വളം എന്നിവയുടെ ഉത്പാദനത്തിന് യുകെ ചുമത്തുന്ന കാർബൺ നികുതി തുടങ്ങിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെ തുടർന്നാണ് ചർച്ചകൾ വഴിമുട്ടിയത്. ചർച്ചകൾ പൂർത്തിയായി കരാറിലേക്കെത്തിയതിനെ ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img