
ന്യൂഡൽഹി: രാജ്യത്തെ ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ 2.1 എന്ന പരിധിക്കും താഴെയെത്തിയതായി കേന്ദ്ര സർക്കാരിന്റെ പുതിയ റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
ഒരു സ്ത്രീയുടെ ജീവിതകാലത്ത് ജനിക്കാനിടയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്ക് എന്ന് വിളിക്കുന്നത്. ജനസംഖ്യയുടെ സ്വാഭാവിക പുനഃസ്ഥാപനം ഉറപ്പാക്കാൻ ഈ നിരക്ക് 2.1 ആയിരിക്കണമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇന്ത്യയുടെ ദേശീയ ജനനനിരക്ക് ഇപ്പോൾ ആ നിലവാരത്തിനും താഴെയായിരിക്കുകയാണ്.
1950-ൽ ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 36 കോടിയായിരുന്നപ്പോൾ ഒരു സ്ത്രീക്ക് ശരാശരി ആറു കുട്ടികൾ എന്ന നിലയിലായിരുന്നു ജനനനിരക്ക്. ഇന്നത്തെ ജനസംഖ്യ 145 കോടിയിലേറെ എത്തിയിട്ടുണ്ടെങ്കിലും ജനനനിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയെങ്കിലും ജനസംഖ്യാ വളർച്ചയുടെ വേഗം കുറയുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.
റിപ്പോർട്ട് പ്രകാരം രാജ്യത്തെ സംസ്ഥാനങ്ങൾക്കിടയിൽ ജനനനിരക്കിൽ വലിയ അന്തരമുണ്ട്. ബിഹാറിലാണ് ഏറ്റവും ഉയർന്ന ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് (2.9). ഉത്തർപ്രദേശ് (2.6), മധ്യപ്രദേശ് (2.4), രാജസ്ഥാൻ (2.3) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ജനസംഖ്യാ സ്ഥിരതാ പരിധിയായ 2.1-ന് മുകളിലുള്ള ജനനനിരക്കുള്ള പ്രധാന സംസ്ഥാനങ്ങൾ ഇവ മാത്രമാണ്.
അതേസമയം, രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഡൽഹിയിലാണ് (1.2). തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇത് 1.3 ആണ്. ആന്ധ്രപ്രദേശ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ 1.4 ഉം, കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ 1.5 ഉം രേഖപ്പെടുത്തി.
ജനനനിരക്ക് കുറഞ്ഞെങ്കിലും അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ജനനനിരക്ക് 2.1-ലേക്ക് തിരിച്ചുയരാത്ത പക്ഷം ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുകയും പിന്നീട് ജനസംഖ്യ കുറയുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്യുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജനനനിരക്ക് ഇനിയും താഴോട്ടുപോകാനുള്ള സാധ്യത നിലനിൽക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.










