11:06am 12 November 2026
NEWS
ടി20 ലോകകപ്പ്: സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തി
20/12/2025  03:46 PM IST
nila
 ടി20 ലോകകപ്പ്: സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തി

മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ടീമിൽ നിന്ന് പൂർണമായും ഒഴിവാക്കി. അതേസമയം, മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തി. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിൽ അക്‌സർ പട്ടേലിനാണ് വൈസ് ക്യാപ്റ്റൻ ചുമതല. വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമയെ ഒഴിവാക്കി ഇഷാൻ കിഷനെ ഉൾപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിങ്, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കും ടീമിൽ ഇടം ലഭിച്ചു. ഇത്തവണ സ്റ്റാൻഡ്ബൈ കളിക്കാരെ പ്രഖ്യാപിച്ചിട്ടില്ല. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിൽ ചേർന്ന ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിൽ സഞ്ജു സാംസൺ ലഭിച്ച അവസരം പൂർണമായി മുതലാക്കിയതാണെന്ന് സെലക്ഷൻ കമ്മിറ്റി വിലയിരുത്തി. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തിൽ നിന്ന് 37 റൺസ് നേടി ശ്രദ്ധ നേടിയിരുന്നു. ലോകകപ്പ് ടീമിൽ നിന്ന് ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തിൽ, ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിനെ തന്നെ പരിഗണിക്കാനാണ് സാധ്യത. അടുത്ത മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി ടീമിന്റെ സ്ഥിരഘടന രൂപപ്പെടുമെന്നാണ് സൂചന.

ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img