05:28pm 07 November 2026
NEWS
അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു
16/09/2026  03:15 PM IST
nila
അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു

ന്യൂഡൽഹി: അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്താൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, പാക് നാവികസേനയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാകിസ്താൻ നയതന്ത്രജ്ഞൻ സാദ് അഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം ഒമാന്റെ തീരത്ത് നിന്ന് ഏകദേശം 220 കിലോമീറ്റർ കിഴക്കായാണ് സംഭവം നടന്നത്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിന് സമീപത്തേക്ക് അമിതവേഗത്തിലെത്തിയ പാക് കപ്പൽ സുരക്ഷിതമല്ലാത്ത രീതിയിൽ സഞ്ചരിച്ച് ഉരസുകയായിരുന്നു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

സംഭവത്തിൽ കപ്പലുകൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. കൂട്ടിയിടിക്കുശേഷം ഇരു കപ്പലുകളും പ്രദേശത്തുനിന്ന് മാറ്റിയതായും അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട കപ്പലുകളുടെ കൃത്യമായ പേരും വിഭാഗവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കരാർ ലംഘനമെന്ന് ഇന്ത്യ

പാക് കപ്പലിന്റെ നീക്കം 1991ലെ ഇന്ത്യ–പാകിസ്താൻ കരാറിലെ ആർട്ടിക്കിൾ 10ന്റെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സൈനികാഭ്യാസങ്ങളും സൈനിക നീക്കങ്ങളും സംബന്ധിച്ച് മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥകളാണ് കരാറിലുള്ളത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാകിസ്താൻ സൈനിക വിഭാഗങ്ങൾ ജാഗ്രത പാലിക്കണമെന്നും നിലവിലുള്ള കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പാകിസ്താനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയോടും അവിടത്തെ വിദേശകാര്യ മന്ത്രാലയത്തിന് സമാനമായ പ്രതിഷേധം രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

2011ലും സമാന കൂട്ടിയിടി

ഇന്ത്യൻ–പാക് നാവികസേനകൾക്കിടയിൽ സമാനമായ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. 2011 ജൂണിൽ പാകിസ്താൻ നാവികസേനയുടെ 'ബാബർ' എന്ന കപ്പൽ ഇന്ത്യൻ നാവികസേനയുടെ 'ഗോദാവരി'യുമായി കൂട്ടിയിടിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img