
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്നു പുലർച്ചെ പാകിസ്ഥാനിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ തീമഴ പെയ്യിക്കുകയായിരുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ആക്രമണം നടത്തിയത്. ഏപ്രിൽ 22 നാണ് കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാരകേന്ദ്രത്തിൽ പാക് പിന്തുണയോടെ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇന്ത്യ ഇന്നു പുലർച്ചെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഭസ്മമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വളരെ കൃത്യതയോടെയുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഇന്ത്യ ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധുനദീതട കരാർ റദ്ദാക്കി. ഇന്ത്യയിലുണ്ടായിരുന്ന പാക് പൗരന്മാരെ പുറത്താക്കി അതിർത്തികൾ അടയ്ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നൽ മിസൈലാക്രമണത്തിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റിട്ടുണ്ട് എന്നുമാണ് വിവരം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു പത്തുമണിക്കുള്ള വാർത്താ സമ്മേളനത്തിൽ പുറത്തുവിടും.
ഇന്നു പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാകിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം.
അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിനു തിരിച്ചടി നൽകുമെന്നും മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്.











