
ന്യൂഡൽഹി: അടുത്തിടെ ഇന്ത്യയിലെ ചില വാട്സാപ്പ് ഉപയോക്താക്കൾക്ക് ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചതോടെ, രാജ്യത്ത് കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി കൊണ്ടുവരാനൊരുങ്ങുന്നുവെന്ന ചർച്ചകൾ ശക്തമായി. ഇന്ത്യൻ സർക്കാരിന്റെ വരാനിരിക്കുന്ന നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ജനനത്തീയതി ആവശ്യപ്പെടുന്നതെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.
ഇതോടെ വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിശ്ചിത പ്രായത്തിൽ താഴെയുള്ള കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യവും ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
എന്നാൽ, ഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് നിർബന്ധിത പ്രായപരിശോധന ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരോ വാട്സാപ്പോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതിനാൽ നിലവിൽ ഇത്തരമൊരു നിയമം നിലവിൽ വന്നതായി പറയാനാവില്ല.
വാട്സാപ്പ് പ്രായവിവരം ശേഖരിക്കുന്നത് എന്തിനാണ്?
വാട്സാപ്പിന്റെ സപ്പോർട്ട് പേജ് പ്രകാരം, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനായാണ് ഉപയോക്താക്കളിൽ നിന്ന് പ്രായം അല്ലെങ്കിൽ ജനനത്തീയതി ശേഖരിക്കുന്നത്.
ഇതിന് പുറമെ,
ഉപയോക്താവിന്റെ പ്രായത്തിന് അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ
മെറ്റ ഉൾപ്പെടെയുള്ള ചില ഫീച്ചറുകളുടെ ലഭ്യത ക്രമീകരിക്കാൻ
സ്റ്റാറ്റസിലും ചാനലുകളിലും പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ വ്യക്തിഗതമാക്കാൻ
സേവന നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ
സുരക്ഷ, സ്വകാര്യത, ഉപഭോക്തൃ പിന്തുണ എന്നിവ മെച്ചപ്പെടുത്താൻ
എന്നിവയ്ക്കും പ്രായവിവരം ഉപയോഗിക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു.
ഉപയോക്താവ് നൽകുന്ന ജനനത്തീയതിയോ പ്രായമോ മറ്റ് വാട്സാപ്പ് ഉപയോക്താക്കൾക്ക് കാണാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ പുതിയ നിയമമുണ്ടാകുമോ?
ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിൽ പുതിയ സർക്കാർ നിയമങ്ങൾക്കനുസരിച്ചാണ് ജനനത്തീയതി ആവശ്യപ്പെടുന്നതെന്ന് പരാമർശിക്കുന്നുണ്ടെങ്കിലും, അത്തരം നിയമത്തിന്റെ വിശദാംശങ്ങളോ പ്രായപരിശോധന നിർബന്ധമാക്കുന്ന ഔദ്യോഗിക അറിയിപ്പോ ഇതുവരെ പുറത്തുവന്നിട്ടില്ല.
വിദേശരാജ്യങ്ങളിലെ സ്ഥിതി
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 16 വയസ്സിൽ താഴെയുള്ളവർക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്‌ടോക്, സ്നാപ്ചാറ്റ്, എക്സ്, റെഡ്ഡിറ്റ്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമം ഓസ്‌ട്രേലിയ പാസാക്കിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണത്തിൽ നിന്ന് വാട്സാപ്പിനെ ഒഴിവാക്കിയിട്ടുണ്ട്.
യുകെയും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ചില ഓൺലൈൻ സേവനങ്ങളിൽ ശക്തമായ പ്രായപരിശോധന സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
നിയമം വന്നാൽ ബാധിക്കുക ആരെ?
ഭാവിയിൽ ഇന്ത്യയും സമാനമായ നിയമം കൊണ്ടുവന്നാൽ വാട്സാപ്പ് മാത്രമല്ല, ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ, മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്കും ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്ന സംവിധാനം നടപ്പാക്കേണ്ടിവന്നേക്കും. നിലവിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, വാട്സാപ്പിന്റെ പുതിയ ജനനത്തീയതി ശേഖരണ നടപടിയാണ് ഈ വിഷയത്തെ വീണ്ടും ചർച്ചയാക്കിയത്.










