
നികുതി വെട്ടിച്ചതിന്റെ പേരിൽ ഇലക്ട്രോണിക്സ് രംഗത്തെ അതികായന്മാരായ സാംസങ് 5152 കോടി രൂപ പിഴയൊടുക്കണമെന്ന് കേന്ദ്രസർക്കാർ. സാംസങ്ങും കമ്പനിയുടെ പ്രാദേശിക എക്സിക്യൂട്ടീവുകളും 601 മില്യൺ ഡോളർ നികുതിയും പിഴയും തിരികെ നൽകണമെന്ന് കേന്ദ്രം നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. സമീപ വർഷങ്ങളിൽ കേന്ദ്രസർക്കാർ ഏതെങ്കിലും കമ്പനിക്ക് മേൽ ചുമത്തിയ ഏറ്റവും ഉയർന്ന താരിഫ് നിരക്കാണിത്. അതേസമയം കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിനെതിരെ സാംസങ് ട്രിബ്യൂണലിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ നികുതി നൽകാതിരിക്കാനായി തെറ്റായി തരംമാറ്റിയെന്നാണ് കമ്പനിക്കെതിരായ പ്രധാന ആരോപണം. ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ മുകേഷ് അംബാനിയുടെ ടെലികോം ഭീമനായ റിലയൻസ് ജിയോയ്ക്കാണ് സാംസങ്ങ് വിറ്റത്. ഇതുസംബന്ധിച്ച് 2023ൽ സാംസങ്ങിന് അധികൃതരിൽനിന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
നികുതി ചുമത്തപ്പെടേണ്ട ഉപകരണങ്ങളല്ല ഇറക്കുമതി ചെയ്യുന്നത് എന്നായിരുന്നു കമ്പനിയുടെ നിലപാട്. നികുതി അതോറിറ്റിയെ പരിശോധനയിൽ നിന്ന് പിന്മാറാൻ സാംസങ് നിർബന്ധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നടത്താതിരിക്കാൻ സാംസങ് അധികൃതർ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ജനുവരി 8-ന് കസ്റ്റംസ് അധികൃതർ കമ്പനിയുടെ വാദത്തോട് വിയോജിച്ചു. സാംസങ് ഇന്ത്യൻ നിയമം ലംഘിച്ചുവെന്നറിഞ്ഞ് ക്ലിയറൻസിനായി തെറ്റായ രേഖകൾ സമർപ്പിച്ചുവെന്ന് കസ്റ്റംസ് കമ്മീഷണർ സോനാൽ ബജാജ് തന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.











