11:29am 11 November 2026
NEWS
പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിക്കുകയാണെന്ന് ഇന്ത്യ
27/09/2025  10:30 AM IST
nila
പാകിസ്ഥാൻ ഭീകരവാദത്തെ  മഹത്വവത്കരിക്കുകയാണെന്ന് ഇന്ത്യ

പാകിസ്ഥാൻ ഭീകരവാദത്തെ  മഹത്വവത്കരിക്കുകയാണെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസം​ഗത്തെ രൂക്ഷമായി വിമർശിച്ചാണ് ഇന്ത്യൻ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റൽ ഗഹ്ലോത്ത് സംസാരിച്ചത്. പാകിസ്ഥാൻ സ്തുതകളെ വളച്ചൊടിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. പാക് വിദേശനയത്തിന്റെ കേന്ദ്രബിന്ദു ഭീകരവാദമാണെന്നും പെറ്റൽ ഗഹ്ലോത്ത് പറഞ്ഞു.

ഒസാമ ബിൻ ലാദന് അഭയം നൽകിയത് മുതൽ പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ 'ദി റെസിസ്റ്റന്റ് ഫ്രണ്ട്' എന്ന ഭീകര സംഘടനയെ സംരക്ഷിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എണ്ണി പറഞ്ഞായിരുന്നു  പെറ്റൽ ഗഹ്ലോത്ത് പാകിസ്ഥാനെ കടന്നാക്രമിച്ചത്.  കഴിഞ്ഞ ഏപ്രിലിൽ യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാൻ  റെസിസ്റ്റന്റ് ഫ്രണ്ടിനെ ന്യായീകരിച്ചതും അവർ ഓർമ്മപ്പെടുത്തി.

 ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ ദീർഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാകിസ്ഥാൻ. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്നത് നാട്യം മാത്രമാണെന്നും ഒരു ദശാബ്ദത്തോളം ഒസാമ ബിൻ ലാദന് അഭയം നൽകിയ രാജ്യമാണെന്നത് ഓർക്കണമെന്നും അവർ പറഞ്ഞു. പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ നടത്തുന്നുണ്ടെന്ന് പാക് മന്ത്രിമാർ തന്നെ മുൻപ് സമ്മതിച്ച കാര്യവും ഗഹ്ലോത്ത് ഓർമിപ്പിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഗഹ്ലോത്ത് പരാമർശിച്ചു. ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക-സിവിലിയൻ ഉദ്യോഗസ്ഥർ മഹത്വവത്കരിക്കുകയും ആദരാഞ്ജലികളർപ്പിക്കുകയും ചെയ്തത് ഈ ഭരണകൂടത്തിന്റെ താത്പര്യങ്ങൾ എന്തെന്ന് മനസ്സിലാക്കിത്തരുന്നതാണ്. മേയ് ഒൻപത് വരെ ഇന്ത്യക്കെതിരേ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് പാകിസ്താൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ മേയ് 10-ന് പോരാട്ടം അവസാനിപ്പിക്കാൻ പാക് സൈന്യം അഭ്യർഥിക്കുകയായിരുന്നെന്നും ഗഹ്ലോത്ത് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img