
വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിനായി നേരത്തെ നൽകിയിരുന്ന 30 ദിവസത്തെ ഇളവാണ് ഇപ്പോൾ നിർത്തലാക്കുന്നത്.
കടലിൽ നിലവിൽ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, റഷ്യയ്ക്ക് ഇതിലൂടെ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം കുറയ്ക്കാനാണ് ഇത്തരമൊരു താൽക്കാലിക നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ നിർണായക പങ്കാളിയായ ഇന്ത്യ, ഇനിമുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രഷറി സെക്രട്ടറി പറഞ്ഞു. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും നിലവിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്.











