സുഗന്ധവ്യഞ്ജന വ്യാപാരത്തിന് തന്ത്രവും നിലവാരവും നിർണായകം

അന്താരാഷ്ട്ര സ്പൈസ് കോൺഫറൻസ് വേദിയിൽ സംസാരിക്കുന്ന ശശി തരൂർ എംപി. എഐഎസ്ഇഎഫ് വൈസ് ചെയർമാൻ നിഷേഷ് ഷാ; എഐഎസ്ഇഎഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ, വേൾഡ് സ്പൈസ് ഓർഗനൈസേഷൻ ചെയർമാൻ രാംകുമാർ മേനോൻ എന്നിവർ സമീപം.
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും വിപണി സംഘർഷങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ കഠിനതയും പിടിമുറുക്കുന്ന ലോകത്തിൽ കാര്യക്ഷമത മാത്രം പോരാ; പ്രതിരോധ ശേഷിയാണ് പുതിയ മാനദണ്ഡമെന്ന് ഡോ: ശശി തരൂർ പറഞ്ഞു. അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ (ഐ.എസ്.സി. 2026) രണ്ടാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“ഒരു കൈകോർക്കലിൽ വിശ്വാസം ഉണ്ടാകുന്ന കാലമല്ലിത്. വിശ്വാസം ലാബ് റിപ്പോർട്ടായാണ് വരുന്നത്,” അദ്ദേഹം പറഞ്ഞു.
കയറ്റുമതി വിപണികളിലെ അവശിഷ്ടപരിധികളും ട്രേസബിലിറ്റി നിയമങ്ങളും കർശനമായതോടെ നിയമാനുസൃത പ്രവർത്തനം സാങ്കേതിക വിഷയമല്ല, തന്ത്രപ്രധാന വിഷയമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കയറ്റുമതി നിരസിക്കുന്നത് സാമ്പത്തിക നഷ്ടം മാത്രമല്ല, വിശ്വാസ്യതക്കും തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.
റോമൻ സ്വർണം കുരുമുളകിനായി ഇന്ത്യയിലേക്ക് ഒഴുകിയ കാലം മുതൽ കോളനിവ്യാപാരം രാഷ്ട്രീയ നിയന്ത്രണമായി മാറിയ ചരിത്രം വരെ നമുക്കുണ്ട്. ഓർമ്മകളല്ല നമ്മുടെ പാഠം, മറിച്ച് ജാഗ്രതയാണ്, അദ്ദേഹം പറഞ്ഞു.
ആഗോള നിലവാര നിർണയ വേദികളിൽ ഇന്ത്യ സജീവമായി ഇടപെടണം. നിയമങ്ങൾ പിന്തുടരുന്നതിൽ മാത്രം നിൽക്കാതെ അവ രൂപപ്പെടുത്തുന്നതിലും പങ്കാളിയാകണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം ഇപ്പോൾ സിദ്ധാന്തമല്ല, കർഷകരുടെ ദിവസേനയുള്ള വെല്ലുവിളിയാണ്. സുസ്ഥിരതയെ ബാധ്യതയായി കാണാതെ മത്സരക്ഷമതയുടെ ഇൻഷുറൻസായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങൾ ആരോഗ്യ-പോഷക ഉൽപ്പന്നങ്ങളിലേക്കു കടക്കുമ്പോൾ ശാസ്ത്രീയവും രേഖാപരമായ തെളിവുകൾ നിർബന്ധമാവും. കൃത്രിമ ബുദ്ധി പോലുള്ള സാങ്കേതിക വിദ്യകൾ ഏറെ സഹായകരമെങ്കിലും സാങ്കേതിക വിദ്യ ഉപകരണമാത്രമാണ്, രക്ഷകനല്ല എന്ന തിരിച്ചറിവുണ്ടാവണം. ശശി തരൂർ പറഞ്ഞു.
കാലാവസ്ഥാ പ്രവർത്തനവും ആഗോള പ്രതിരോധ ശേഷിയും വിഷയമാക്കിയ സെഷനിൽ പുനരുജ്ജീവന കൃഷി, കാർബൺ ലക്ഷ്യങ്ങൾ, ഏകീകൃത ട്രേസബിലിറ്റി സംവിധാനം എന്നിവ കയറ്റുമതിക്ക് നിർണായകമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ചരിത്രകാരൻ ഡോ. മനു എസ്. പിള്ളയും മാധ്യമ പ്രവർത്തക അർച്ചന ആനന്ദും പങ്കെടുത്ത സംവാദം ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ലോക ശക്തിസമവാക്യങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിശദീകരിച്ചു.
കുരുമുളകിനായി വിദേശ വ്യാപാരികൾ “ഡ്രാഗൺ കാവൽ നിൽക്കുന്ന ദ്വീപുകൾ” പോലുള്ള കഥകൾ പ്രചരിപ്പിച്ച് വിപണി റൂട്ടുകൾ സംരക്ഷിച്ചതായി മനു എസ്. പിള്ള പറഞ്ഞു. എന്നിട്ടും കേരളത്തിന്റെ സമ്പത്തും സാമൂഹിക പ്രത്യേകതകളും യൂറോപ്യൻ യാത്രികരെ ആകർഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മാമാങ്കം ഒരു മതാചാരമാത്രമല്ല, ആഗോള വ്യാപാരമേളയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
“സ്മാർട്ട് സ്പൈസസ്” എന്ന വിഷയത്തിൽ നടന്ന സെഷനിൽ കൃഷി മുതൽ സംസ്കരണം വരെ ഡാറ്റയും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ചയായി. വിളവെടുപ്പ് സമയം നിശ്ചയിക്കൽ, ഗുണനിലവാര പരിശോധന, ഉൽപ്പാദന പ്രവചനം തുടങ്ങിയ മേഖലകളിൽ സാങ്കേതിക വിദ്യയുടെ പങ്ക് വിദഗ്ദ്ധർ വിശദീകരിച്ചു.








