08:31pm 21 September 2026
NEWS
കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഇന്ത്യ; കൽക്കരി വൈദ്യുതി ഉത്പാദനത്തിൽ അരനൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവ്
20/09/2026  11:57 AM IST
ന്യൂസ് ബ്യൂറോ
കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഇന്ത്യ; കൽക്കരി വൈദ്യുതി ഉത്പാദനത്തിൽ അരനൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവ്

ന്യൂഡൽഹി: 2070 ഓടെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാനുള്ള (നെറ്റ് സീറോ) പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമായി, കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചു. സെന്റർ ഫോർ റിസർച്ച് ഒൺ എനർജി ആന്റ് ക്ളീൻ എയർ (CREA) റിപ്പോർട്ട് പ്രകാരം, കൽക്കരി വൈദ്യുതി ഉത്പാദനത്തിൽ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
​രാജ്യത്തെ ആകെ കാർബൺ പുറന്തള്ളലിന്റെ 70 ശതമാനവും ഊർജ്ജ ഉത്പാദന മേഖലയിൽ നിന്നാണ്. ഇതിൽ തന്നെ ഭൂരിഭാഗവും കൽക്കരി നിലയങ്ങളുടേതാണ് (68%). ഈ സാഹചര്യം കണക്കിലെടുത്താണ് കൽക്കരി വൈദ്യുതിയുടെ അളവ് കുറച്ചത്.
​ശുദ്ധ ഊർജ്ജത്തിലേക്ക് ഒരു ചുവടുമാറ്റം
​സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതി, ആണവോർജ്ജം തുടങ്ങിയ ശുദ്ധ ഊർജ്ജ ഉറവിടങ്ങൾ പ്രയോജനപ്പെടുത്തിയാണ് വൈദ്യുതി ആവശ്യങ്ങൾ രാജ്യം നിറവേറ്റുന്നത്. പാരീസ് കാലാവസ്ഥാ ധാരണ പ്രകാരം 2030ഓടെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 50 ശതമാനവും ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നാകണമെന്ന ലക്ഷ്യം ഇന്ത്യ ഇതിനോടകം നേടിയിട്ടുണ്ട്.
​കഴിഞ്ഞ രണ്ടു വർഷത്തിനിടെ 8.5 ഗിഗാവാട്ട് ശേഷിയുള്ള പുതിയ കൽക്കരി നിലയങ്ങൾ നിർമ്മിച്ചെങ്കിലും അവയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിരുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുത ഉത്പാദനം ഏറ്റവും കൂടുതൽ വെട്ടിക്കുറച്ചത് ഗുജറാത്താണ്. അതേസമയം, ഭാവിയിലെ ആവശ്യങ്ങൾക്കായി 43 ജിഗാവാട്ട് ശേഷിയുള്ള കൽക്കരി പ്ലാന്റുകൾ നിലവിൽ നിർമ്മാണ ഘട്ടത്തിലാണെന്നതും ശ്രദ്ധേയമാണ്.
​പ്രധാന കണക്കുകൾ ഒറ്റനോട്ടത്തിൽ:
​ഫോസിലിതര ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം (ജൂലൈ കണക്ക്):
​സൗരോർജ്ജം: 164.59 ഗിഗാവാട്ട്
​കാറ്റ്: 58.14 ഗിഗാവാട്ട്
​ജലവൈദ്യുതി: 57.24 ഗിഗാവാട്ട്
​ജൈവവൈദ്യുതി: 11.75 ഗിഗാവാട്ട്
​ആണവോർജ്ജം: 8.78 ഗിഗാവാട്ട്
​ആകെ: 300.50 ഗിഗാവാട്ട്
​ആഗോള കാർബൺ പുറന്തള്ളൽ പങ്കാളിത്തം:
​ചൈന: 33.1%
​യു.എസ്: 11.7%
​ഇന്ത്യ: 8%
​റഷ്യ: 5.1%
​ജപ്പാൻ: 2.5%
​ഇന്ത്യയിലെ കാർബൺ പുറന്തള്ളൽ മേഖലകൾ:
​ഊർജ്ജ ഉത്പാദനം: 70%
​നിർമ്മാണ-വ്യവസായ മേഖല: 20%
​കാർഷിക മേഖല: 19%

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img