
കൊച്ചി: ശത്രുക്കൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് അവൾ വരുന്നു... ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക രഹസ്യക്കപ്പൽ ( സ്റ്റീൽത്ത് ഷിപ്പ്) താരാഗിരി. മുംബെയിൽ ഏപ്രിൽ 3 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മീഷൻ ചെയ്യും. എഫ്-41 എന്നാണ് ഐ.എൻ.എസ് താരാഗിരിയുടെ ഔദ്യോഗിക കോഡ് നെയിം .
സൂപ്പർസോണിക് മിസൈലുകൾ.
കരയിൽ നിന്ന് കരയിലേക്ക് തൊടുത്ത് വിടാവുന്ന സൂപ്പർ സോണിക്ക് മിസൈലുകൾ, കരയിൽ നിന്ന് ആകാശത്തേക്ക് തൊടുത്ത് വിടാവുന്ന ഹൃസ്വദൂര മിസൈലുകൾ, അന്തർവാഹിനി പ്രതിരോധ സംവിധാനം എന്നിവ താരാഗിരിയുടെ പ്രത്യേകതകളാണ്.
ശത്രുക്കളുടെ റഡാർ പരിധിക്ക് പുറത്ത്
താരാഗിരി ശത്രുക്കളുടെ റഡാറുകൾക്ക് അദൃശ്യമാണ്. സ്റ്റീൽത്ത് (രഹസ്യ ) കപ്പൽ എന്നറിയപ്പെടുന്നതും അതിനാൽ. താരാഗിരിയിലെ നാവികർക്ക് ഏത് സുരക്ഷാഭീഷണിയും നിമിഷാർദ്ധം കൊണ്ട് തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സാധിക്കുന്ന കോമ്പാറ്റ് മാനേജ്മെൻ്റ് സംവിധാനം കപ്പലിൻ്റെ മറ്റൊരു പ്രത്യേകതയാണ്.
അതിവേഗം , ബഹുദൂരം
6670 കേവ് ഭാരമുള്ള രഹസ്യക്കപ്പൽ ഡീസലിലും ഗ്യാസിലും പ്രവർത്തിക്കും. ഉയർന്ന വേഗതയിലും പ്രതികൂലമായ കാലാവസ്ഥയിലും സഞ്ചരിക്കാൻ ശേഷിയുണ്ട്. മുംബൈയിലെ മാസഗോൺ കപ്പൽശാലയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.കപ്പലിൻ്റെ 75 ശതമാനവും തദ്ദേശീയ നിർമ്മിതമാണ്.
Photo Courtesy - Google








