
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് ക്ലാസ് ഉയരുന്നതിനനുസരിച്ച് സ്കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണത്തിൽ വൻ കുറവുണ്ടാകുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് രാജ്യത്തെ ഏകദേശം 73 ശതമാനം വിദ്യാർഥികളും പഠനം ഉപേക്ഷിക്കുന്നതായി പബ്ലിക് എസ്റ്റിമേറ്റ്സ് കമ്മിറ്റി (2026-27) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പതിനെട്ടാം ലോകസഭയുടെ പത്താമത് റിപ്പോർട്ട് ബുധനാഴ്ച സഭയിൽ സമർപ്പിച്ചു.
യു.ഡി.ഐ.എസ്.ഇ 2024-25 കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ എയ്ഡഡ് മേഖലകളിലായി 10,92,671 സ്കൂളുകളാണുള്ളത്. ഇതിൽ 9,11,032 എണ്ണം പ്രൈമറി സ്കൂളുകളാണ്. അപ്പർ പ്രൈമറി വിഭാഗത്തിൽ 4,12,805 സ്കൂളുകളും സെക്കൻഡറി വിഭാഗത്തിൽ 1,61,808 സ്കൂളുകളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 90,866 സ്കൂളുകളുമാണുള്ളത്.
വിദ്യാർഥികളുടെ എണ്ണത്തിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 6.18 കോടി വിദ്യാർഥികളുള്ളപ്പോൾ ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ ഇത് 4.08 കോടിയായി കുറയുന്നു. ഒൻപത്, പത്ത് ക്ലാസുകളിൽ 2.36 കോടി വിദ്യാർഥികളും 11, 12 ക്ലാസുകളിൽ 1.64 കോടി വിദ്യാർഥികളുമാണ് ഉള്ളത്.
ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശിക്കുമ്പോൾ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് ആശങ്കാജനകമാണെന്ന് സമിതി വിലയിരുത്തി. നിലവിലുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളെ ഹയർ സെക്കൻഡറി തലത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കൂടുതൽ സ്കൂളുകൾ ആരംഭിക്കുന്നതിനായി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
പകുതിയിലധികം സ്കൂളുകളിലും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളില്ല
രാജ്യത്തെ പകുതിയിലധികം സ്കൂളുകളിലും ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആകെ 14,71,437 സ്കൂളുകളിൽ 5,23,143 സ്കൂളുകളിൽ മാത്രമാണ് ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് സൗകര്യമുള്ളത്.
റാമ്പുകളും ഹാൻഡ് റെയിലുകളും ലഭ്യമായത് 8,08,466 സ്കൂളുകളിൽ മാത്രമാണ്. ഭിന്നശേഷി വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഇപ്പോഴും വലിയ വിടവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അനുവദിച്ച തുകയിൽ ഭൂരിഭാഗവും ചെലവഴിച്ചില്ല
ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ ഒരുക്കുന്നതിനായി അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായതായി സമിതി ചൂണ്ടിക്കാട്ടി. 2024-25ൽ 186 ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ നിർമിക്കുന്നതിനായി 482 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതിൽ 2.60 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്.
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനത്തിനായി അനുവദിച്ച 962 ലക്ഷം രൂപയുടെ ഗ്രാന്റിൽ 80.50 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചത്. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിനുമായി അനുവദിക്കുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് അടിവരയിടുന്നു.











