02:10am 29 July 2026
NEWS
ബിഹാറിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തി; ഖനനം ഉടൻ ആരംഭിക്കും
26/10/2025  07:56 PM IST
nila
ബിഹാറിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തി; ഖനനം ഉടൻ ആരംഭിക്കും

പട്‌ന: ബിഹാറിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI)യുടെ പഠനപ്രകാരം 222.8 ദശലക്ഷം ടൺ സ്വർണ അയിര് ബിഹാറിലെ മണ്ണിനടിയിലുണ്ടെന്ന് കണ്ടെത്തിയതോടെ ഖനനത്തിനായി സംസ്ഥാന സർക്കാർ തയ്യാറെടുക്കുകയാണ്.

ജമുയി ജില്ല — കർമതിയ, ജാഝ, സോനോ മേഖലകളിലാണ് ഈ വമ്പൻ സ്വർണശേഖരം നിലനിൽക്കുന്നത്. സാങ്കേതിക വിലയിരുത്തലുകൾ പൂർത്തിയാക്കിയാൽ ഉടൻ തന്നെ വൻതോതിലുള്ള പര്യവേക്ഷണം ആരംഭിക്കുമെന്നാണ് സൂചന. GSIയും നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപ്പറേഷനും ചേർന്ന് ഖനന നടപടികൾ ആരംഭിക്കുമെന്ന് ബിഹാർ മൈൻസ് കമ്മിഷണർ ഹർജോത് കൗർ ബംറ വ്യക്തമാക്കി. 

2022-ൽ തന്നെ GSI ഈ സാധ്യത റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷമുള്ള പരിശോധനകളിൽ കണക്കുകൾ സ്ഥിരീകരിക്കപ്പെട്ടു. ഇപ്പോൾ ഖനനത്തിനുള്ള അനുമതിയും കരാറുകളും അന്തിമഘട്ടത്തിലാണ്.

ഇന്ത്യയിലെ കരുതൽ സ്വർണശേഖര കണക്കുകൾ

ബിഹാർ – 44%

രാജസ്ഥാൻ – 25%

കർണാടക – 21%

പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് – 3% വീതം

ജാർഖണ്ഡ് – 2%

മറ്റു സംസ്ഥാനങ്ങൾ (ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്) – 2%

ഇന്ത്യയിലെ ആകെ 501.83 ദശലക്ഷം ടൺ സ്വർണ അയിരുകളിൽ പകുതിയോളം ബിഹാറിലാണെന്ന് കേന്ദ്ര ഖനിവ്യവസായമന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ വരെ സ്വർണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്സിൽ (കെജിഎഫ്) നിന്നാണ് — ദേശീയ ഉത്പാദനത്തിന്റെ 99 ശതമാനവും അവിടെ നിന്നാണ് ലഭിക്കുന്നത്. എന്നാൽ ഭാവിയിൽ ഈ സ്ഥാനം ബീഹാർ കരസ്ഥമാക്കുമെന്നാണ് സൂചനകൾ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img