12:06pm 25 June 2026
NEWS
റഷ്യയിൽ നിന്നും ഇന്ത്യ ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കുന്നു
09/12/2025  05:31 AM IST
nila
റഷ്യയിൽ നിന്നും ഇന്ത്യ ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കുന്നു

റഷ്യയിൽ നിന്നും ഇന്ത്യ ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കുന്നു. 36 വർഷം പഴക്കമുള്ള അകുല ക്ലാസിലെ കെ–391 ബ്രാറ്റ്‌സ്‌ക് എന്ന അന്തർവാഹിനിയെയാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയാണിത്. നവീകരണവും പുനർരൂപകല്പനയും പൂർത്തിയാക്കിയ ശേഷം, ‘ഐഎൻഎസ് ചക്ര–3’ എന്ന പേരിൽ 2028-ഓടെ നാവികസേനയിൽ ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

2019-ലാണ് ഇരു രാജ്യങ്ങളും 300 കോടി ഡോളർ മൂല്യമുള്ള 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. തുടക്കത്തിൽ 2025-ൽ അന്തർവാഹിനി കൈമാറാനായിരുന്നു തീരുമാനം. എന്നാൽ വിപുലമായ സാങ്കേതിക പുതുക്കലുകളും അന്താരാഷ്ട്ര ഉപരോധങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും കാരണം പദ്ധതി സമയപരിധി നീണ്ടുപോയി.

ഇന്ത്യൻ നാവികസേനയ്ക്ക് ആണവശക്തിയുള്ള അന്തർവാഹിനികളുടെ പ്രവർത്തനരീതിയിൽ കൂടുതൽ പരിശീലനവും പ്രാവീണ്യവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് കരാർ. അന്തർവാഹിനിയെ യുദ്ധമേഖലയിൽ വിന്യസിക്കാനോ ആക്രമണപരമായ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്നും കരാറിലുണ്ട്. ആണവായുധങ്ങൾ ബന്ധപ്പെടുന്ന രഹസ്യ പട്രോളിങ് നടത്താനും അനുമതി ഇല്ല. ദീർഘദൂര ആണവ മിസൈലുകൾ ഉൾപ്പെടുത്തുന്നതും വിലക്കിയിട്ടുണ്ട്. പൂർണ്ണ പുനർരൂപകല്പന റഷ്യയിൽ തന്നെ ചെയ്യണമെങ്കിലും, ഇന്ത്യയുടെ ആശയവിനിമയ ഉപകരണങ്ങളും സെൻസറുകളും അതിൽ ഘടിപ്പിക്കാം.

ഇന്ത്യ റഷ്യയിൽ നിന്ന് വാടകയ്‌ക്കെടുക്കുന്ന മൂന്നാമത്തെ ആണവ അന്തർവാഹിനിയാണിത്. 1988 മുതൽ 1991 വരെ സേവനമനുഷ്ഠിച്ച ഐഎൻഎസ് ചക്ര–1 ആദ്യത്തേതും, 2012 മുതൽ 2021 വരെ ഉപയോഗിച്ച ഐഎൻഎസ് ചക്ര–2 രണ്ടാമത്തേതുമായിരുന്നു. നിലവിൽ ഡീസൽ–ഇലക്‌ട്രിക് എൻജിൻ ഉപയോഗിക്കുന്ന 17 അന്തർവാഹിനികളാണ് ഇന്ത്യൻ നേവിയുടെ പ്രധാന സബ്‌മരീൻ നിരയിൽ ഉള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img