12:59am 18 January 2026
NEWS
ഇലക്ട്രിക് വാഹനങ്ങൾ: ആ​ഗോളതലത്തിൽ കിതയ്ക്കുമ്പോൾ ഇന്ത്യയിൽ വിൽപ്പന കുതിയ്ക്കുന്നു
10/12/2025  04:05 PM IST
nila
ഇലക്ട്രിക് വാഹനങ്ങൾ: ആ​ഗോളതലത്തിൽ കിതയ്ക്കുമ്പോൾ ഇന്ത്യയിൽ വിൽപ്പന കുതിയ്ക്കുന്നു

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (EV) റെക്കോഡ് വിൽപ്പന കൈവരിക്കുന്നു. ആഗോള വാഹന വിപണിയിൽ ഇന്റേണൽ കമ്പസ്റ്റൻ എൻജിൻ (ICE) വാഹനങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ശക്തമാകുന്നതിനിടെയാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

പ്രമുഖ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ ഇ.വൈ പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് പല രാജ്യങ്ങളും ഇ.വി നയങ്ങളിൽ നിന്ന് പിന്മാറുകയും കാർ വാങ്ങുന്നവരിൽ നല്ലൊരു പങ്കും ഇന്റേണൽ കമ്പസ്റ്റൻ എൻജിൻ വാഹനങ്ങളിലേക്ക് മാറുകയും ചെയ്തിരിക്കുകയാണ്. അതേസമയം, ഇന്ത്യയിൽ നവംബർ വരെ നടന്ന ഇ.വി വിൽപ്പന 20 ലക്ഷം യൂണിറ്റ് കടന്നു എന്നാണ് റിപ്പോർട്ട്. എല്ലാ വിഭാഗങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകം ഇ.വി-യിൽ നിന്ന് പിന്മാറുന്നു

ആദ്യ ഘട്ടത്തിൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന പല രാജ്യങ്ങളും ഇപ്പോൾ തിരിച്ചുപോക്കിന്റെ പാതയിലാണ്. അമേരിക്കയിൽ മുൻ ഭരണകൂടത്തിന്റെ ഇ.വി അനുകൂല നയങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാറ്റി. യൂറോപ്യൻ യൂണിയൻ 2035 മുതൽ ഐസിഇ വാഹനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം ലഘൂകരിച്ചു. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ഇ.വി സബ്‌സിഡി കുറക്കുകയോ പിൻവലിക്കുയോ ചെയ്തതോടെ ആഗോള ഡിമാൻഡ് ഇടിഞ്ഞു.

ഇ.വൈ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

അടുത്ത 24 മാസത്തിനുള്ളിൽ 50ശതമാനം ഉപഭോക്താക്കൾ ഐസിഇ വാഹനങ്ങൾ തിരഞ്ഞെടുക്കാൻ സാധ്യത. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13ശതമാനം വർധന. ഇലക്ട്രിക് കാറുകളിലേക്കുള്ള താത്പര്യം 14ശതമാനത്തിൽ നിന്നും 10ശതമാനം ആയി കുറഞ്ഞു. ഹൈബ്രിഡ് കാറുകളുടെ ഡിമാൻഡ് 16 ശതമാനത്തിൽ നിന്നും 5ശതമാനം ആയി ഇടിഞ്ഞു.

ഇ.വി വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ 36ശതമാനം പേർ “വാങ്ങൽ നീട്ടിവെക്കുന്നു”. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, ഉയർന്ന ചെലവ്, ചാർജിംഗ് സൗകര്യങ്ങളുടെ കുറവ് എന്നിവയാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമാകുന്ന ഘടകങ്ങൾ.

ഇന്ത്യയിൽ വിപരീത ചിത്രം — ഇ.വി വിൽപ്പന റെക്കോഡ്

ഇന്ത്യയിൽ ഈ വർഷം നവംബർ വരെയുള്ള മൊത്തം ഇ.വി വിൽപ്പന 20 ലക്ഷം കവിഞ്ഞു എന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 14.29ശതമാനമാണ് വാർഷിക വളർച്ച. ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും കൊമേഴ്സ്യൽ വാഹനങ്ങൾക്കും കാറുകൾക്കുമെല്ലാം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ആവശ്യക്കാരെത്തി. ഇതാദ്യമായാണ് നവംബറിൽ തന്നെ എല്ലാ വിഭാഗങ്ങളും ചേർന്ന് മുൻവർഷത്തെ റെക്കോർഡ് മറികടക്കുന്നത്.

ടാറ്റ മുന്നിൽ, പക്ഷേ മാർക്കറ്റ് ഷെയർ ഇടിഞ്ഞു

നവംബർ 30 വരെ വിറ്റ ഇലക്ട്രിക് കാറുകൾ: 1,60,894 യൂണിറ്റ്

വാർഷിക വളർച്ച: 77.5ശതമാനം

പ്രധാന വാഹന കമ്പനികൾ: ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, എം.ജി, ഹ്യുണ്ടായി 

എല്ലാ വാഹനനിർമ്മാതാക്കളും മികച്ച വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തതെങ്കിലും ടാറ്റയാണ് വിൽപ്പനയിൽ മുന്നിൽ. നെക്സോൺ, പഞ്ച്, ഹാരിയർ, കർവ്, ടിയാഗോ, ടൈഗോർ തുടങ്ങിയ മോഡലുകൾക്ക് വലിയ ഡിമാൻഡാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ടാറ്റയുടെ വിപണി വിഹിതം 63.5ശതമാനത്തിൽ നിന്നും 39.25ശതമാനം ആയി കുറഞ്ഞു.

അതേസമയം, എം.ജി മോട്ടോർ വിഹിതം 19.79ശതമാനത്തിൽ നിന്നും 30ശതമാനത്തിലേക്ക് ഉയർന്നു. “വിൻസർ” മോഡലിന്റെ വരവോടെ വലിയ കുതിപ്പാണ് കമ്പനി നേടിയിരിക്കുന്നത്.

2026: ഇ.വി രംഗത്തെ വലിയ മാറ്റങ്ങളുടെ വർഷം?

അനലിസ്റ്റുകൾ പറയുന്നതനുസരിച്ച് അടുത്ത വർഷം ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ പുനർക്രമീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. മാരുതി സുസുക്കിയുടെ ആദ്യത്തെ ഇ.വിയായ ഇ വിറ്റാര അടുത്ത വർഷം പുറത്തിറങ്ങും. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാൻ മാരുതി വലിയ നിക്ഷേപം നടത്തുന്നു. 15 ലക്ഷം രൂപയ്ക്കുള്ളിൽ നിരവധി പുതിയ ഇ.വി മോഡലുകൾ വരും. മഹീന്ദ്രയും ടാറ്റയും പുതു തലമുറ ഇ.വി കാറുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിലൂടെ 2026 ഇന്ത്യൻ ഇ.വി വിപണിയിലെ സമവാക്യങ്ങൾ പൂർണ്ണമായി മാറുന്ന വർഷമാകും എന്നതാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img