
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ ആഘോഷമാക്കിക്കൊണ്ട് ദോഹ സൂഖ് വാഖിഫിൽ മൂന്നാമത് ഇന്ത്യൻ മാമ്പഴമേളയ്ക്ക് തുടക്കമായി. ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വലുതാണെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ വ്യക്തമാക്കി. 'ഗൾഫ് ടൈംസിനോട്' സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം ഒരു ഫലവർഗത്തിന്റെ പ്രദർശനം എന്നതിനപ്പുറം, ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും വാണിജ്യപരവുമായ ബന്ധങ്ങളുടെ പ്രതിഫലനമാണ് ഈ മേളയെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. മേള വിജയകരമായി സംഘടിപ്പിക്കുന്നതിന് പിന്തുണ നൽകിയ ഖത്തർ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
"ഭക്ഷണം സംസ്കാരത്തിന്റെ ഹൃദയഭാഗമാണ്. അത് മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യക്കാരെയും ഖത്തരി പൗരന്മാരെയും മറ്റ് ഗൾഫ് നിവാസികളെയും പരസ്പരം കോർത്തിണക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് സവിശേഷമാണെന്ന് അംബാസഡർ വിപുൽ പറഞ്ഞു.ഇരുരാജ്യങ്ങളിലെയും ജനങ്ങൾ ഒരുപോലെ ഇഷ്ടപ്പെടുന്ന ബിരിയാണി, മാമ്പഴം, ഈന്തപ്പഴം, കാരക് ചായ, രൊട്ടി, പൂരി തുടങ്ങിയ വിഭവങ്ങൾ ഇന്ത്യ-ഖത്തർ സംസ്കാരങ്ങളുടെ സമാനത വെളിവാക്കുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും മാമ്പഴം ആസ്വദിക്കുന്നതുമെല്ലാം ജനങ്ങൾക്കിടയിൽ വലിയൊരു ആത്മബന്ധം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക ബന്ധത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക പങ്കാളിത്തവും അംബാസഡർ അടിവരയിട്ടു പറഞ്ഞു. ഇന്ത്യ ഖത്തറിൽ നിന്ന് വൻതോതിൽ ഊർജ്ജം (എനർജി) ഇറക്കുമതി ചെയ്യുമ്പോൾ, പകരം അരിയും മാമ്പഴവും ഉൾപ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങൾ ഖത്തറിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം വിലയിരുത്തി.
രുചിയുടെയും സൗഹൃദത്തിന്റെയും ഈ വലിയ ആഘോഷത്തിലേക്ക് കുടുംബസമേതം പങ്കുചേരാൻ അംബാസഡർ വിപുൽ ഖത്തറിലെ പ്രവാസികളെയും സ്വദേശികളെയും സ്വാഗതം ചെയ്തു. ഡിപ്ലോമാറ്റ് ഷാജി കായംകുളം ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു










