
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ഫിനാൻഷ്യൽ സെന്ററും (QFC) ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (PHDCCI) തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പ്രവാഹം വർദ്ധിപ്പിക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം പങ്കുവെക്കാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.ഇന്ത്യൻ കമ്പനികൾക്ക് ഖത്തർ വിപണിയിൽ ചുവടുറപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നിയമസഹായവും ലഭ്യമാക്കുക.ഖത്തർ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഏജൻസി (IPA), ഖത്തർ ചേംബർ എന്നിവയുമായി ചേർന്ന് നിക്ഷേപകർക്കായി സംയുക്ത പ്ലാറ്റ്‌ഫോമുകൾ ഒരുക്കുക.ഇരുരാജ്യങ്ങളിലെയും വിപണി പ്രവണതകളും ബിസിനസ് സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ തത്സമയം കൈമാറാനുള്ള സംവിധാനം വികസിപ്പിക്കുകഎന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ.അന്താരാഷ്ട്ര കമ്പനികൾക്ക് ഖത്തറിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് ക്യു.എഫ്.സി. ഇന്ത്യയുമായുള്ള ഈ സഹകരണം വഴി കൂടുതൽ ഇന്ത്യൻ സംരംഭങ്ങളെ ഖത്തറിന്റെ ലോകോത്തര ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന്
ഖത്തർ ഫിനാൻഷ്യൽ സെന്റർ സി.ഇ.ഒ മൻസൂർ റാഷിദ് അൽ ഖാദിർ പറഞ്ഞു.ഇന്ത്യൻ കമ്പനികൾക്ക് ആഗോളതലത്തിൽ വളരാനുള്ള വലിയൊരു അവസരമാണിത്. വിജ്ഞാന കൈമാറ്റത്തിലൂടെയും പുതിയ നിക്ഷേപങ്ങളിലൂടെയും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചക്ക് ഈ കരാർ കരുത്തേകുമെന്ന് പി.എച്ച്.ഡി ചേംബർ ഓഫ് കൊമേഴ്‌സ് സി.ഇ.ഒ ഡോ. രഞ്ജിത് മേത്ത പ്രതികരിച്ചു.ഇന്ത്യയിലെ 1,50,000-ത്തിലധികം വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് പി.എച്ച്.ഡി ചേംബർ. ഈ കരാറോടെ ഐ.ടി, ഫിനാൻസ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള കൂടുതൽ ഇന്ത്യൻ കമ്പനികൾ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.










