
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഉടൻ കുറവുണ്ടാകാൻ സാധ്യത. ഈ മാസം 20-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എണ്ണക്കമ്പനികൾ വില കുറയ്ക്കുന്ന തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതും സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് ഇതിന് അനുകൂല സാഹചര്യമൊരുക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നപ്പോൾ ഇന്ത്യയിലും ഇന്ധനവില വർധിച്ചിരുന്നു. ഏകദേശം എട്ട് രൂപയോളം വില കൂടിയതോടെ ഇത് കുറയ്ക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായി ഉയർന്നിരുന്നു.
ഒരുകാലത്ത് ബാരലിന് 120 ഡോളർ വരെ എത്തിയിരുന്ന ക്രൂഡ് ഓയിൽ വില പിന്നീട് 110 ഡോളറിലേക്ക് താഴ്ന്നു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിൽ ഏകദേശം 70 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഇതിലും കുറഞ്ഞ നിരക്കിൽ ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്ന കരാറുകളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലും വില കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
അടുത്തിടെ സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് ഓയിൽ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബാരലിന് 11 ഡോളറിന്റെ ഇളവാണ് പ്രഖ്യാപിച്ചത്. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിലവിൽ ഏകദേശം 50,000 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് സർക്കാർ വിലയിരുത്തുന്നത്. നേരത്തെ ഇത് 75,000 കോടി രൂപയാണെന്നായിരുന്നു കണക്ക്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ നിലവിലെ വില തുടരുന്നതാണ് എണ്ണക്കമ്പനികളുടെ നഷ്ടം കുറയാൻ സഹായിക്കുന്നതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം ഏതാനും ദിവസം കൂടി തുടർന്നാൽ കമ്പനികളുടെ സാമ്പത്തിക സമ്മർദം കുറയുമെന്നും തുടർന്ന് ഇന്ധനവില കുറയ്ക്കുന്ന പ്രഖ്യാപനം ഉണ്ടായേക്കാമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
ഇതിനൊപ്പം, പാർലമെന്റ് സമ്മേളനത്തിൽ ഇന്ധനവില വർധന പ്രതിപക്ഷം പ്രധാന വിഷയമാക്കാൻ സാധ്യതയുള്ളതിനാൽ അതിന് മുമ്പ് തന്നെ വില കുറയ്ക്കാനുള്ള നീക്കവും കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം.










