10:11am 27 August 2026
NEWS
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ - പാക് പോരാട്ടം
05/10/2025  06:50 AM IST
nila
 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ - പാക് പോരാട്ടം

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ - പാകിസ്ഥാൻ മത്സരം. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് മത്സരത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മറ്റൊരു ഇന്ത്യാ - പാക് മത്സരത്തിന് കായികലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും വനിതാ താരങ്ങൾ ഏറ്റുമുട്ടുന്നത്. 

ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്യാപ്റ്റനോ സഹതാരങ്ങളോ പാകിസ്ഥാൻ ടീമിന് കൈ കൊടുത്തിരുന്നില്ല. ഇതേ നിലപാട് വനിതാ ടീമും സ്വീകരിക്കാനാണ് സാധ്യത. ഒരാഴ്ചകൊണ്ട് നിലപാടിൽ മാറ്റംവരാൻ സാധ്യതയില്ലെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയുടെ പ്രതികരണം.

ആദ്യമത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ പാക് പെൺപടയെ നേരിടാനിറങ്ങുന്നത്. ടോപ് ഓർഡർ തകർച്ച നേരിട്ടിട്ടും ദീപ്തി ശർമയും അമൻജോതും അർധസെഞ്ചുറികളുമായി നടത്തിയ പോരാട്ടം ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ബൗളിങ്ങിൽ പേസർ ക്രാന്തി ഗൗഡും സ്പിന്നർമാരായ ദീപ്തി ശർമ, ശ്രീചരണി എന്നിവരും ഫോമിലാണ്. പാകിസ്ഥാനെതിരായ ചരിത്രവും ഇന്ത്യക്കനുകൂലമാണ്. ഏകദിനക്രിക്കറ്റിൽ പാകിസ്ഥാന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല.

അതേസമയം, ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന് തോറ്റതിന്റെ ക്ഷീണത്തിലാണ് പാകിസ്ഥാന്റെ വരവ്. ബാറ്റിങ് നിര തകർന്നടിഞ്ഞതോടെ 129 റൺസിന് ടീം പുറത്തായിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img