10:23am 30 April 2026
NEWS
പഹൽഗാമിൽ പൊലിഞ്ഞ ജീവനുകൾക്ക് ഇന്ത്യ പകരംവീട്ടാനൊരുങ്ങുന്നു
23/04/2025  03:53 PM IST
nila
പഹൽഗാമിൽ പൊലിഞ്ഞ ജീവനുകൾക്ക് ഇന്ത്യ പകരംവീട്ടാനൊരുങ്ങുന്നു

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ സൈനിക നടപടിക്ക് സാധ്യത. ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചേക്കുമെന്നും സൂചനയുണ്ട്. ഇന്നു വൈകിട്ട് ചേരുന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി യോഗത്തിലാകും ഇക്കാര്യങ്ങളിൽ അന്തിമ ധാരണയുണ്ടാകുക. 

ഭീകരാക്രമണം നടത്തിയ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തനം പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ്. ഇവരെ സഹായിക്കുന്നത് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബ ആണ്. ഇവരെ ലക്ഷ്യമിട്ട് ഇന്ത്യ സൈനിക നീക്കം നടത്തുമെന്നാണ് സൂചനകൾ. ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും സൈനിക നടപടി പ്രതീക്ഷിക്കാമെന്നുള്ള സൂചനകള്‍ പ്രതിരോധ വൃത്തങ്ങളില്‍നിന്ന് വരുന്നുണ്ട്. അതേസമയം, ഇന്ത്യ സൈനികമായി തിരിച്ചടിച്ചേക്കുമെന്ന് സൂചനകളെ തുടർന്ന് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് തയ്യാറെടുപ്പുകൾ നടത്താൻ പാകിസ്ഥാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്മാരെ കണ്ടെത്തി അവര്‍ക്കെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 

ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ ശക്തമായ നടപടികളാണ് ആദ്യഘട്ടത്തിലുണ്ടാകുക എന്നാണ് റിപ്പോർട്ട്. പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും ഇന്ത്യ റദ്ദാക്കും. ഇന്ത്യക്കാർക്ക് പാകിസ്ഥാനിലേക്ക് പോകാനും ഇനി അനുമതിയുണ്ടാകില്ല. 

ഇന്ത്യാ- പാക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പുര്‍ ഇടനാഴി അടയ്ക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ദരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്താനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനിൽ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും. വാഗ, ഹുസൈന്‍വാല, ആര്‍.എസ് പുര അതിര്‍ത്തികളിൽ നടക്കാറുള്ള പതാക താഴ്ത്തല്‍, ബീറ്റിങ് റീട്രീറ്റ് ചടങ്ങുകള്‍ ഒഴിവാക്കും. മാത്രമല്ല ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറിയേക്കുമെന്നും സൂചനയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img