05:27pm 01 May 2026
NEWS
ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയെ മാതൃകയെ പുകഴ്ത്തി പാകിസ്താൻ മന്ത്രി
01/05/2026  03:18 PM IST
nila
ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയെ മാതൃകയെ പുകഴ്ത്തി പാകിസ്താൻ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ സാമ്പത്തിക തയ്യാറെടുപ്പിനെയും ഊർജസുരക്ഷാ നയങ്ങളെയും പുകഴ്ത്തി പാകിസ്താൻ പെട്രോളിയം മന്ത്രി. ആഗോള എണ്ണവില കുതിച്ചുയരുന്നതിനിടെ പാകിസ്ഥാനിൽ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെയാണ് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് ഇന്ത്യയുടെ നയങ്ങളെ പുകഴ്ത്തി രം​ഗത്തെത്തിയത്. ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും തന്ത്രപ്രധാന എണ്ണ കരുതലും നിലവിലെ പ്രതിസന്ധിയിൽ വലിയ കരുത്തായെന്ന് അലി പർവേസ് മാലിക് വ്യക്തമാക്കിയത്.

ഇറാൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് വൻ വിദേശനാണ്യ ശേഖരവും ദീർഘകാലത്തേക്കുള്ള തന്ത്രപ്രധാന എണ്ണ സംഭരണവും ഉള്ളതിനാൽ ആഗോള വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്ത്യയ്ക്ക് ഏകദേശം 600 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരമുണ്ട്. കൂടാതെ, ആവശ്യസമയത്ത് ഉപയോഗിക്കാനാകുന്ന വലിയ തോതിലുള്ള തന്ത്രപ്രധാന എണ്ണശേഖരവും അവർ സൂക്ഷിക്കുന്നുണ്ട്. ഐഎംഎഫ് നിയന്ത്രണങ്ങളില്ലാത്തതിനാൽ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാനും ഇന്ത്യയ്ക്ക് സാധിച്ചു,” എന്നാണ് ഒരു പ്രാദേശിക വാർത്താ ചാനലിനോട് മന്ത്രി പറഞ്ഞത്.

അതേസമയം, വിദേശ വായ്പകളെയും ഐഎംഎഫ് നിബന്ധനകളെയും ആശ്രയിക്കുന്ന പാകിസ്താനിന് സമാനമായ ഇടപെടലുകൾ നടത്താൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം സമ്മതിച്ചു. ഇന്ധനവില വർധനവിന്റെ ആഘാതം കുറയ്ക്കാൻ ഐഎംഎഫുമായി ചർച്ച നടത്തി പെട്രോളിയം ലെവി കുറയ്ക്കേണ്ടി വന്നതായും മന്ത്രി വ്യക്തമാക്കി. ഡീസൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഡീസലിനുള്ള ലെവി പൂർണമായും ഒഴിവാക്കി അതിന്റെ ഭാരം പെട്രോളിലേക്ക് മാറ്റിയതായും, ബൈക്ക് യാത്രക്കാർക്കായി പ്രത്യേക സബ്സിഡി നൽകിയതായും അദ്ദേഹം പറഞ്ഞു. ഐഎംഎഫിനോട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ പാകിസ്താൻ സർക്കാർ പെട്രോൾ വില ലിറ്ററിന് 80 രൂപ കുറച്ച് 378 രൂപയാക്കി. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആണ് ലെവി ക്രമീകരണങ്ങളിലൂടെ ഈ ഇളവ് നടപ്പാക്കുമെന്ന് അറിയിച്ചത്. ഇന്ത്യയിൽ ഇന്ധനവില താരതമ്യേന നിയന്ത്രണത്തിലാണെന്നാണ് വിലയിരുത്തൽ. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചതും വിവിധ രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി വ്യാപിപ്പിച്ചതും വൻ വിദേശനാണ്യ ശേഖരവും ഇന്ത്യയ്ക്ക് ആശ്വാസമായി.

തന്ത്രപ്രധാന എണ്ണശേഖരത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യത്യാസവും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് 60 മുതൽ 70 ദിവസത്തേക്കുള്ള കരുതൽ ശേഖരമുണ്ടെങ്കിൽ, പാകിസ്താന്റെ കൈവശം ഏതാനും ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് അഞ്ച് മുതൽ ഏഴ് ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ മാത്രമാണ് ലഭ്യമുള്ളത്. റിഫൈൻ ചെയ്ത ഇന്ധനവും 20 ദിവസത്തോളം മാത്രമേ തികയൂ. ഇന്ത്യയെപ്പോലെ ദീർഘകാല കരുതൽ ശേഖരം ഞങ്ങൾക്ക് ഇല്ല,” എന്നാണ് മന്ത്രി തുറന്നുപറഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img