04:38pm 26 June 2026
NEWS




​ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വാണിജ്യ കരാർ ഒപ്പിട്ടു; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നൂറു ശതമാനം നികുതിയിളവ്

23/12/2025  10:13 AM IST
സുരേഷ് വണ്ടന്നൂർ
    ​ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വാണിജ്യ കരാർ ഒപ്പിട്ടു; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നൂറു ശതമാനം നികുതിയിളവ്

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും 100 ശതമാനം നികുതി ഇളവ് നൽകുന്ന ചരിത്രപരമായ സ്വതന്ത്ര വാണിജ്യ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കരാർ പ്രകാരം ന്യൂസിലൻഡിൽ നിന്നുള്ള 95 ശതമാനം ഉത്പന്നങ്ങൾക്ക് ഇന്ത്യ 70 ശതമാനം നികുതി ഇളവ് അനുവദിക്കും.

​പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. 2025 മാർച്ചിൽ ലക്‌സൺ ഇന്ത്യ സന്ദർശിച്ച വേളയിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് മന്ത്രി ടോഡ് മക്ലേയും തമ്മിൽ നടത്തിയ വിശദമായ ചർച്ചകളാണ് കരാറിലേക്ക് നയിച്ചത്.

​ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിപണി തുറക്കുന്നു

കരാർ യാഥാർത്ഥ്യമാകുന്നതോടെ തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, തുകൽ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ഓട്ടോമൊബൈലുകൾ എന്നിവയ്ക്ക് പുറമെ ഇന്ത്യൻ വൈനുകൾക്കും സ്പിരിറ്റിനും നികുതിയില്ലാതെ ന്യൂസിലൻഡ് വിപണിയിൽ പ്രവേശിക്കാം.

​നിക്ഷേപവും തൊഴിലവസരങ്ങളും

അടുത്ത 15 വർഷത്തിനുള്ളിൽ 2000 കോടി യു.എസ്. ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന് ന്യൂസിലൻഡ് ഉറപ്പുനൽകി. സേവന മേഖലയിലും ഇന്ത്യക്കാർക്ക് വലിയ അവസരങ്ങളാണ് തുറക്കപ്പെടുന്നത്. ഐ.ടി, ടൂറിസം, ടെലികമ്മ്യൂണിക്കേഷൻ ഉൾപ്പെടെ 118 സേവന മേഖലകളിൽ ഇന്ത്യക്കാർക്ക് പ്രവേശനം ലഭിക്കും.പ്രൊഫഷണലുകൾക്കായി വിസ നടപടികളിലും വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്:
​ആയുഷ് പ്രാക്ടീഷണർമാർ, യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ, ഐ.ടി, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ തുടങ്ങി 5,000 പേർക്ക് മൂന്ന് വർഷം വരെ താമസിക്കാവുന്ന താത്കാലിക എംപ്ലോയ്‌മെന്റ് വിസ ലഭിക്കും.

​1,000 പേർക്ക് പ്രതിവർഷം 'വർക്ക് ആൻഡ് ഹോളിഡേ' വിസകൾ അനുവദിക്കും.

​സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്‌സ് (STEM) മേഖലയിലെ ബിരുദധാരികൾക്ക് മൂന്ന് വർഷം വരെയും ഡോക്ടർമാർക്ക് നാല് വർഷം വരെയും ഉപരിപഠനത്തിന് അവസരമുണ്ടാകും.

​കാർഷിക മേഖലയിലെ സഹകരണം

ഇന്ത്യയിൽ ആപ്പിൾ, കിവി ഫ്രൂട്ട് എന്നിവ വിളയിക്കാൻ ന്യൂസിലൻഡ് ഇന്ത്യൻ കർഷകർക്ക് സാങ്കേതിക സഹായം നൽകും. സുസ്ഥിര തേനീച്ച വളർത്തൽ പദ്ധതിയും ഇതിന്റെ ഭാഗമാണ്. ന്യൂസിലൻഡിൽ നിന്നുള്ള മരത്തടി, കൽക്കരി, ലോഹ ഭാഗങ്ങൾ എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകും.

​തദ്ദേശീയ വിപണിക്ക് സംരക്ഷണം

അതേസമയം, ഇന്ത്യൻ കർഷകരുടെ താൽപ്പര്യം സംരക്ഷിച്ച് കൊണ്ട് പാൽ, പാലുത്പന്നങ്ങൾ, കാപ്പി, ഉള്ളി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ, റബർ എന്നിവയെ നികുതി ഇളവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കുന്നതാണ് ഈ കരാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img