01:58am 22 September 2026
NEWS
ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു
17/08/2025  09:23 PM IST
nila
 ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. തമിഴ്നാട് സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍. ഇന്നു വൈകിട്ട് ഡല്‍ഹിയില്‍ ചേർന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് പിന്നാലെ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്ന് ജെപി നഡ്ഡ പറഞ്ഞു. അതിനായി പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണന്‍.  1957 ഒക്ടോബര്‍ 20-ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് രാധാകൃഷ്ണൻ ജനിച്ചത്. 2003 മുതല്‍ 2006 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കോയമ്പത്തൂരില്‍നിന്ന് മുന്‍പ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരി 18 മുതല്‍ 2024 ജൂലായ് 30 വരെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img