12:47am 31 July 2026
NEWS
ഓപ്പറേഷൻ സിന്ദൂറിനിടെ ഏതാനും വിമാനങ്ങൾ‌ നഷ്ടമായെന്ന പ്രതിരോധ അറ്റാഷെയുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു
30/06/2025  08:22 AM IST
nila
ഓപ്പറേഷൻ സിന്ദൂറിനിടെ ഏതാനും വിമാനങ്ങൾ‌ നഷ്ടമായെന്ന പ്രതിരോധ അറ്റാഷെയുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു

ഓപ്പറേഷൻ സിന്ദൂറിനിടെ ഏതാനും വിമാനങ്ങൾ‌ നഷ്ടമായെന്ന നാവികസേനാ ഉദ്യോ​ഗസ്ഥന്റെ പരാമർശം വിവാദമാകുന്നു. ഇന്തൊനീഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും നാവികസേനാ ക്യാപ്റ്റനുമായ ശിവ് കുമാറിന്റെ പ്രസം​ഗത്തിലാണ് ഇന്ത്യാ - പാക് സംഘർഷത്തിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന പരാമർശമുണ്ടായത്. ഇതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. 

ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് രാജ്യത്തെ മോദി സർക്കാർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കോൺ​ഗ്രസ് ആരോപിച്ചു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളിയതിന്റെ കാരണം ഇപ്പോൾ വ്യക്തമായെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും മാധ്യമവിഭാഗം മേധാവി പവൻ ഖേരയും ആരോപിച്ചു. ശിവ് കുമാറിന്റെ പരാമർശം സംബന്ധിച്ച വാർത്ത പങ്കുവച്ചായിരുന്നു കോൺ​ഗ്രസ് നേതാക്കളുടെ വിമർശനം.

ജൂൺ 10ന് ഇന്തൊനീഷ്യയിലെ സൂര്യദർമ സർവകലാശാലയുടെ പ്രതിരോധ വിശകലന പരിപാടിയിൽ അവതരിപ്പിച്ച 35 മിനിറ്റ് പ്രസന്റേഷനിടെയാണ് ശിവ് കുമാർ വിവാദ പരാമർശം നടത്തിയതെന്നാണ് വിവരം. നഷ്ടങ്ങൾ സൈനികനടപടിയുടെ ഭാഗമാണെന്ന് ഡയറക്ടർ ജനറൽ എയർ ഓപറേഷൻസ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി നേരത്തേ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞിരുന്നു. പിന്നീട് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ സിംഗപ്പൂരിൽ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ, യുദ്ധവിമാനം നഷ്ടമായെന്ന് പരോക്ഷമായി സമ്മതിച്ചു. അതിനു പിന്നാലെയാണ് അറ്റാഷെയുടെ നേരിട്ടുള്ള വെളിപ്പെടുത്തൽ. ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് നേരത്തേ പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img