05:11am 28 October 2026
NEWS
തിരിച്ചടിക്കാൻ സജ്ജമായി ഇന്ത്യ
24/04/2025  07:32 AM IST
nila
തിരിച്ചടിക്കാൻ സജ്ജമായി ഇന്ത്യ

ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ. പാകിസ്ഥാനുമായുള്ള സിന്ധുനദീജല കരാർ മരവിപ്പിക്കുന്നത് ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങൾ കൈക്കൊണ്ട ഇന്ത്യ സൈനിക നടപടിയിലേക്കും കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാജ്യത്ത് സർവകക്ഷിയോ​ഗം ചേരുന്നുണ്ട്. ഭീകരാക്രമണം സംബന്ധിച്ച വിവരങ്ങളും തുടർനടപടികളും സംബന്ധിച്ച പദ്ധതികളും സർവകക്ഷി യോ​ഗത്തിൽ കേന്ദ്രസർക്കാർ വിശദീകരിക്കും. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് പാകിസ്ഥാന് തിരിച്ചടി നൽകാനാണ് കേന്ദ്രസർക്കാർ നീക്കം. കനത്ത ജാ​ഗ്രത തുടരാൻ സൈന്യത്തിനും നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഇന്നലെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചത്.  സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്ത കേന്ദ്രസർക്കാർ, അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താൻ അവസരമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകേണ്ടില്ലെന്നും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പുറത്തുപോകണമെന്നാണ് നിർദ്ദേശം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് സർവകക്ഷി യോഗം നടക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലായിരിക്കും യോ​ഗം നടക്കുക. മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img