10:47pm 09 November 2026
NEWS
ഭാരതം വായിക്കുന്നു, കേരളത്തിന്റെ കണ്ണിലൂടെ: വായനാ ദിനം ഇന്ന്
19/06/2025  07:37 AM IST
സുരേഷ് വണ്ടന്നൂർ
ഭാരതം വായിക്കുന്നു, കേരളത്തിന്റെ കണ്ണിലൂടെ: വായനാ ദിനം ഇന്ന്

ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ ശിൽപിയുമായ പി.എൻ. പണിക്കരുടെ ഓർമ്മകൾക്ക് മുപ്പതാണ്ട്. 1995-ൽ അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് 1996-ലാണ് അന്നത്തെ ഇ.കെ. നായനാർ സർക്കാർ ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. പിന്നീട് ദേശീയതലത്തിൽ ഈ ആഘോഷം സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിക്കുകയും ഡിജിറ്റൽ വായനയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്തു. 2002-ൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഡിജിറ്റൽ വായനാ ദൗത്യം ആരംഭിച്ചു.

കുട്ടനാട്ടിലെ നീലംപേരൂരിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ 1909 മാർച്ച് ഒന്നിനാണ് പി.എൻ. പണിക്കർ ജനിച്ചത്. ചെറുപ്പം മുതലേ വായന ശീലമാക്കിയ അദ്ദേഹം, പിന്നീട് നീലംപേരൂരിൽ 'സനാതനധർമ്മ വായനശാല' സ്ഥാപിച്ചു. അമ്പലപ്പുഴയിലേക്ക് പ്രവർത്തനരംഗം മാറ്റിയ ശേഷം, അവിടെ 'പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല' സ്ഥാപിക്കുകയും, അത് തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിൻ്റെ ഒന്നാം നമ്പർ ഗ്രന്ഥശാലയായി മാറുകയും ചെയ്തു.

1945 സെപ്തംബർ 14-ന് പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപംകൊണ്ടു. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് ഈ പ്രസ്ഥാനം 1800-ഓളം ഗ്രന്ഥശാലകളുള്ള തിരു-കൊച്ചി ഗ്രന്ഥശാലാ സംഘമായും 1957-ൽ കേരള ഗ്രന്ഥശാലാ സംഘമായും വളർന്നു.

1977 വരെ സംഘത്തിൻ്റെ തലപ്പത്തുണ്ടായിരുന്ന പി.എൻ. പണിക്കർ, ഗ്രന്ഥശാലാ സംഘത്തെ 4800-ഓളം ഗ്രന്ഥശാലകളുള്ള വലിയ പ്രസ്ഥാനമാക്കി മാറ്റി. യുനെസ്‌കോയുടെ ക്രൂപ്സ്‌കായ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങളും സംഘത്തിന് ലഭിച്ചു. 1991-ൽ കേരളം സമ്പൂർണ സാക്ഷരത നേടിയതിൽ അദ്ദേഹത്തിൻ്റെ പങ്ക് വലുതാണ്.

1995 ജൂൺ 19-ന്, 86-ാം വയസിൽ പി.എൻ. പണിക്കർ അന്തരിച്ചു. 1993-ൽ അദ്ദേഹത്തിൻ്റെ ശതാഭിഷേക വേളയിൽ രൂപീകരിച്ച പി.എൻ. പണിക്കർ ഫൗണ്ടേഷൻ, കഴിഞ്ഞ 29 വർഷമായി ഇന്ത്യയൊട്ടാകെ വിജ്ഞാന വിപ്ലവത്തിന് നേതൃത്വം നൽകുന്നു. ഈ വർഷം രാജ്യമൊട്ടാകെ ഒരു ലക്ഷത്തിലധികം വായനാ സദസ്സുകൾ സംഘടിപ്പിച്ച് വായനയെ ജനകീയമാക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, പോലീസ് സ്റ്റേഷനുകൾ, പഞ്ചായത്ത് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, ചുമട്ടു തൊഴിലാളികളുടെ വിശ്രമ കേന്ദ്രങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വായനയുടെ മഹത്വം എത്തിക്കുക എന്നതാണ് ഈ വായനാ ദിനത്തിൽ ഫൗണ്ടേഷൻ്റെ പ്രധാന ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img