
കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ട് (ഐ.ഐ.ടി.എം) കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു.
ജനുവരി 19 വരെ നീളുന്ന മൂന്ന് ദിവസത്തെ ടൂറിസം മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്.
പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ടൂറിസം ബോർഡുകൾ, അഞ്ച് വിദേശ രാജ്യങ്ങൾ, വിവിധ ട്രാവൽ ട്രേഡ് സംഘടനകൾ എന്നിവയും, തീർത്ഥാടനം, സാഹസിക യാത്ര, സംസ്കാര - പൈതൃക സ്ഥലങ്ങൾ, ബീച്ചുകൾ, വന്യജീവി കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങിയവ സംബന്ധിച്ച നിരവധി സ്റ്റാളുകളും പ്രദർശനത്തിനുണ്ട്
കേരളം, തെലങ്കാന, കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ഒറീസ, ജമ്മു ആൻഡ് കാശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തുർക്കി, മലേഷ്യ, വിയറ്റ്നാം, ബാലി, തായ്ലൻഡ്, നേപ്പാൾ,Tഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസം വകുപ്പുകളും പ്രദർശനത്തിനുണ്ട്.
ഐഐടിഎം ഡയറക്ടർ രോഹിത് ഹംഗൽ,സഹ ഡയറക്ടർ സഞ്ജയ് ഹഖു, സിഹ്രയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോസ് പ്രദീപ്, ഐസിപിബിയിലെ ഗവേണിംഗ് ബോർഡ് അംഗം യുസി റിയാസ്, ടിഎഎഐ ചെയർപേഴ്സൺ മരിയമ്മ ജോസ്, എസ്കെഎഎൽ കൊച്ചി പ്രസിഡന്റ് നിർമ്മല ലില്ലി, കേരള ട്രാവൽ മാർട്ട് സൊസൈറ്റി സിഇഒ കെ. രാജ്കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബിസിനസുകാർക്ക് വേണ്ടിയും, യാത്രികർക്ക് വേണ്ടിയുമായി പ്രത്യേകം ഉൽപ്പന്ന - സേവന സൗകര്യങ്ങൾ (B2B & B2C) ഒരുക്കിയിട്ടുണ്ട്.
പതിനായിരത്തോളം വരുന്ന സഞ്ചാരപ്രിയര്‍ മേള പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് , സ്ഫിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു.
സുസ്ഥിര ടൂറിസം, പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പദ്ധതികൾ, വെൽനസ് യാത്ര എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ മേള. ആയിരത്തിലധികം അവധിക്കാല പാക്കേജുകളും മേള വാഗ്ദ്ധാനം ചെയ്യുന്നുണ്ടെന്ന് രോഹിത് ഹംഗൽ പറഞ്ഞു.
പരിപാടിയുടെ വിശദാംശങ്ങൾ:
തീയതികൾ: 2025 ജനുവരി 17 മുതൽ 19 വരെ
സ്ഥലം: രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കടവന്ത്ര
സമയം: രാവിലെ 11:00 മുതൽ വൈകുന്നേരം 6:00 വരെ
പ്രവേശനം: സൗജന്യം (ഓൺ-സൈറ്റ് രജിസ്ട്രേഷൻ നിർബന്ധം)









