
കൊച്ചി: ഇന്ത്യയിലെയും വിദേശത്തെയും യാത്ര–ടൂറിസം–ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരെ ഒരുമിപ്പിച്ചുകൊണ്ട് ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് (ഐഐടിഎം) 2026 കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ചു. ജനുവരി 8 മുതൽ 10 വരെ മൂന്ന് ദിവസമാണ് പ്രദർശനം.
പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 100-ലധികം എക്സിബിറ്റർമാർ പങ്കെടുക്കുന്ന പ്രദർശനത്തിൽ ടൂറിസം മലേഷ്യക്ക് പ്രധാന പങ്കാളിത്തമുണ്ട്.
ഒഡീഷ, ജമ്മു–കശ്മീർ പങ്കാളിത്ത സംസ്ഥാനങ്ങളായി പ്രധാന പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. തെലങ്കാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, മേഘാലയ എന്നിവയും മേള ഫീച്ചർ ചെയ്യുന്നു.
ഉദ്ഘാടന ചടങ്ങിൽ ജമ്മു–കശ്മീർ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രേയ സിംഗാൾ ഐഎഎസ്; മലേഷ്യ ടൂറിസം പ്രമോഷൻ ബോർഡ് ഡയറക്ടർ ഹിഷാമുദ്ദീൻ ബിൻ മുസ്തഫ, രാജസ്ഥാൻ ടൂറിസം അഡീഷണൽ ഡയറക്ടർമാരായ എക്ത കബ്ര, പവൻ കുമാർ ജെയിൻ; സ്ഫിയർ ട്രാവൽമീഡിയ ആൻഡ് എക്സിബിഷൻസ് ഡയറക്ടർമാരായ സഞ്ജയ് ഹഖു; രോഹിത് ഹംഗൽ എന്നിവർ ഉൾപ്പെടെ യാത്രാ വ്യവസായ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഐഎടിഒ കേരള–ലക്ഷദ്വീപ് ചെയർമാൻ രഞ്ജു ജോസഫ്, ടിഎഎഐ ചെയർപേഴ്സൺ മറിയമ്മ ജോസ്, ടിഎഎഫ്ഐ നാഷണൽ എംസി അംഗം പൗലോസ് മാത്യു, ടിഎഎഫ്ഐ ചെയർമാൻ പി. പി. ഓഗസ്റ്റി, ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അബ്ദുൽ നാസർ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സിഇഒ രാജ്കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ എന്നിവർക്കായുള്ള ഏറ്റവു വലിയ ബി2ബി വേദിയാണ് ഐഐടിഎം. വിനോദ, അഡ്വെഞ്ചർ, തീർത്ഥാടന, വിവാഹ, മൈസ് ടൂറിസം മേഖലകളിൽ നിരവധി സഹകരണ സാധ്യതകളാണ് ഇവിടെ തുറക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രാതിനിധ്യത്തിനൊപ്പം മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, ബാലി, നെപാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളും മേളയിൽ പങ്കെടുക്കുന്നു.
ഇന്ത്യയുടെ വിദേശ വിനോദ സഞ്ചാര വിപണി അതിവേഗം വളരുകയാണെന്ന് സ്ഫിയർ ട്രാവൽമീഡിയ ആൻഡ് എക്സിബിഷൻസ് ഡയറക്ടർ സഞ്ജയ് ഹഖു പറഞ്ഞു. “പാസ്‌പോർട്ട് ഉടമകൾ 9.6 കോടിയെ കടന്നതും 50-ലധികം രാജ്യങ്ങളിൽ വിസാ-രഹിതമോ, വിസാ-ഓൺ-അറൈവൽ സൗകര്യമോ ലഭ്യമാകുന്നതും ഇന്ത്യയെ ലോകത്തിലെ വേഗത്തിൽ വളരുന്ന ഔട്ട്‌ബൗണ്ട് മാർക്കറ്റുകളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. 2032 ഓടെ ഈ വിപണി 44 ബില്യൺ ഡോളർ കടക്കും,” അദ്ദേഹം പറഞ്ഞു.
“ പ്രദേശങ്ങളുടെ വൈവിധ്യവും, ജീവിതരീതികളും പാരമ്പര്യവും, അനുഭവേദ്യമാവുന്ന സുസ്ഥിരവുമായ ടൂറിസത്തിൽ കേരളത്തിന്റെ ശക്തിയും വളർച്ചയും പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയുള്ള ഉത്തരവാദിത്വ ടൂറിസം, വെൽനെസ് ട്രാവൽ, സമൂഹ അധിഷ്ഠിത ടൂറിസം മാതൃകകൾക്കും പ്രത്യേക പ്രാധാന്യമാണ് നൽകിയിരിക്കുന്നത്,” ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു.
ദേശീയ–അന്താരാഷ്ട്ര ടൂറിസം, ലക്ഷ്വറി യാത്ര, ട്രാവൽ സാങ്കേതിക വിദ്യ, സുസ്ഥിര ടൂറിസം, പരിഹാരങ്ങൾ എന്നിവയ്ക്കായി പ്രത്യേക പവലിയനുകളും ഒരുങ്ങിയിട്ടുണ്ട്.
Photo Courtesy - Google








