09:09pm 31 May 2026
NEWS
ഇന്ത്യ ഇന്റർനാഷണൽ കടൽപായൽ എക്‌സ്‌പോ കൊച്ചിയിൽ
01/12/2025  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യ ഇന്റർനാഷണൽ കടൽപായൽ എക്‌സ്‌പോ കൊച്ചിയിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കടൽപായൽ വ്യവസായ സംഗമങ്ങളിൽ ഒന്നായ ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽപ്പായൽ എക്‌സ്‌പോയും ഉച്ചകോടിയും ജനുവരി 29നും 30നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സസ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. 

കടൽപ്പായലുകളുടെ സാധ്യതകൾ ആഗോളതലത്തിൽ ചർച്ച ചെയ്യുന്ന സുപ്രധാന വേദിയാണിത്. കടൽപായൽ ഗവേഷണ മൂല്യവർധിത ഉൽപാദന രംഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, സാങ്കേതിക കൈമാറ്റം, അന്താരാഷ്ട്ര വിപണി എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി.  ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എക്്‌സ്‌പോയിൽ പങ്കെടുക്കും. 

ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംയുക്തമായാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. 

വ്യവസായ പ്രദർശനത്തിന് പുറമെ, വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ചർച്ചകളുണ്ടാകും. 'സീവീഡ് 2030' എന്ന പേരിൽ നടക്കുന്ന പാനൽ ചർച്ചയാണ് കടൽപായൽ ഉച്ചകോടിയിലെ പ്രധാന ആകർഷണം.  കടൽപായൽ ഉൽപാദനത്തിലും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുന്നതിനുള്ള ദേശീയ രൂപരേഖ പാനൽ ചർച്ചയിൽ അവതരിപ്പിക്കും. നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, ശാസ്ത്രജ്ഞർ, അന്താരാഷ്ട്ര നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ ഉച്ചകോടിയിൽ ഒത്തുചേരും.

വിവിധ സെഷനുകളിൽ നടക്കുന്ന ചർച്ചകളിൽ, ഇന്ത്യയുടെ കടൽപ്പായൽ മൂല്യശൃംഖല വികനം, തീരദേശ ജനതയുടെ ഉപജീവനമാർഗം, ബ്ലൂ ഇക്കോണമി എന്നിവക്ക് ഊന്നൽ നൽകും. 

കടൽപായൽ വ്യവസായരംഗത്ത് പുതിയ നിക്ഷേപങ്ങൾക്ക് എക്‌സ്‌പോ വഴിതുറക്കുമെന്നാണ് കരുതുന്നത്. പതിനൊന്നായിരം കിലോമീറ്ററിലധികം തീരപ്രദേശവും വിശാലമായ സമുദ്ര ജൈവവൈവിധ്യവുമുള്ള ഇന്ത്യക്ക് കടൽപ്പായൽ കൃഷി-സംസ്‌കരണ-വ്യവസായ രംഗത്ത് വലിയ സാധ്യതകളാണുള്ളത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img