04:22am 25 May 2026
NEWS
ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 16ന് തുടങ്ങും
13/01/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 16ന് തുടങ്ങും
HIGHLIGHTS

എൻ. പി. ആന്റണി (പ്രോഗ്രാം കമ്മിറ്റി ചെയർമാനും പവിഴം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡി.യും), ജോസഫ് പൈകട (ജനറൽ സെക്രട്ടറി, കെ.എസ്.എസ്.ഐ.എ), എ. നിസാറുദീൻ (സംസ്ഥാന പ്രസിഡന്റ്, കെ.എസ്.എസ്.ഐ.എ), കെ. പി. രാമചന്ദ്രൻ നായർ (ചെയർമാൻ, ഐ.ഐ.ഐ.ഇ. 2026), സിജി നായർ (ഐ.ഐ.ഐ.ഇ. സി.ഇ.ഒയും മെട്രോ മാർട്ട് എം.ഡിയും), പി. ജെ. ജോസ് (സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.എസ്.ഐ.എ), ബി. ജയകൃഷ്ണൻ (സംസ്ഥാന ട്രഷറർ, കെ.എസ്.എസ്.ഐ.എ) എന്നിവർ പത്രസമ്മേളനത്തിനിടയിൽ.

കൊച്ചി: കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയും വ്യവസായി മഹാസംഗമവും 2026 ജനുവരി 16, 17, 18 തീയതികളില്‍ കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കൺവെൻഷൻ സെന്ററില്‍ നടക്കും. ജനുവരി 16ന്, 10.30ന് എക്‌സ്‌പോയുടെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിര്‍വഹിക്കും.

ജനുവരി 18ന്, വൈകീട്ട് 5.30ന് എക്സ്പോയുടെ സമാപനവും വ്യവസായി മഹാസംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍   ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും വ്യവസായ സംഗമത്തിൽ പങ്കെടുക്കും.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്‌സ്‌പോയുടെ ഭാഗമായി അഞ്ഞൂറോളം സ്റ്റാളുകളിലായി അന്പത്തിനായിരത്തോളം ഉത്പന്നങ്ങൾ പരിചയപ്പെടുത്തും. പ്രമുഖ മെഷിനറി നിര്‍മ്മാതാക്കള്‍, അവരുടെ ഉത്പന്നങ്ങളും, നൂതന സാങ്കേതികവിദ്യകളും, മേളയില്‍ പ്രദര്‍ശിപ്പിക്കും. എക്സ്പോയോട് അനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേർന്ന് 'ദൃശ്യതയിലൂടെ വിശ്വാസ്യതയിലേക്ക്: മാധ്യമങ്ങൾ ബിസിനസ്സ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന വിഷയത്തിൽ മാധ്യമസംഗമം നടക്കും. രണ്ടാം ദിവസം 'അടിസ്ഥാന തലത്തിൽ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിർവ്വഹണവും ഭരണവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു എക്സ്പോയിൽ സെമിനാർ നടക്കും. സെമിനാർ ഉദ്ഘാടനം സംസ്ഥാന തദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.

കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയനും മേളയുടെ ഭാഗമായി ഒരുക്കും. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ഡെസ്‌കുകള്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെല്‍പ്പ്‌ഡെസ്‌കുകൾ എന്നിവ ഉണ്ടാകും.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി കെ.എസ്.എസ്.ഐ.എ അംഗങ്ങളായ പതിനായിരത്തിലധികം വ്യവസായികളും, കെ.എസ്.എസ്.എ.ഐ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പതിനെട്ട് വ്യവസായ-അനുബന്ധ മേഖലയിലെ വ്യവസായികളും, വ്യവസായി മഹാസംഗമത്തിന്റെ ഭാഗമാകും.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍, അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര എംഎസ്എംഇ ഡയറക്ടർ, വ്യവസായ വാണിജ്യ ഡയറക്ടര്‍, തൃശൂര്‍ എംഎസ്എംഇ ഡയറക്ടര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍, വ്യവസായ ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. എക്സ്പോയുടെ ഭാഗമായി സെമിനാറുകള്‍, ചര്‍ച്ചകള്‍, വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കും.
 
പ്രവേശനം സൗജന്യം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.iiie.in , ഫോൺ 9947733339 /9995139933, ഇമെയില്‍ - info@iiie.in.

കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, ട്രഷറർ ബി. ജയകൃഷ്‌ണൻ, എക്പോ സി.ഇ.ഒ. സിജി നായർ, ജോയിന്റ് സെക്രട്ടറി എ വി അൻവർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി. ജെ ജോസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ. പി. ആന്റണി, നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി കെ. വി. അൻവർ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img