09:00pm 09 November 2026
NEWS
ഇന്ത്യയിലെ ഉൾനാടൻ മത്സ്യസമ്പത്തിനും ആ​ഗോള സുസ്ഥിരത സർട്ടിഫിക്കേഷന് വഴിയൊരുങ്ങുന്നു
11/06/2025  06:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയിലെ ഉൾനാടൻ മത്സ്യസമ്പത്തിനും ആ​ഗോള സുസ്ഥിരത സർട്ടിഫിക്കേഷന് വഴിയൊരുങ്ങുന്നു

ഇന്ത്യയിലെ ഉൾനാടൻ മത്സ്യസമ്പത്തിനും ആ​ഗോള സുസ്ഥിരത സർട്ടിഫിക്കേഷന് വഴിയൊരുങ്ങുന്നു. ഒഡീഷയിലെ ചിലിക തടാകത്തിലെ ഞണ്ട്, ചെമ്മീൻ ഇനങ്ങൾക്കാണ് ഇപ്പോൾ രാജ്യാന്താര അം​ഗീകാരമുള്ള മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലിന്റെ സർട്ടിഫിക്കേഷനായുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. നേരത്തെ തുടങ്ങിയ 12ഓളം സമുദ്ര മത്സ്യ ഇനങ്ങൾക്കുള്ള എം എസ് സി സുസ്ഥിരത സർട്ടിഫിക്കേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. 

ഫിഷറീസ് ശാസ്ത്രജ്ഞർ, നയരൂപീകരണ വിദ​ഗ്ധർ, മത്സ്യത്തൊഴിലാളികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ചേർന്ന് ചിലിക തടാകത്തിലെ ഞണ്ടിന് സുസ്ഥിരത പട്ടം നേടുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമായി. കേന്ദ്ര സർക്കാർ  സ്ഥാപനമായ കേന്ദ്ര ഉൾനാടൻ മത്സ്യ​ഗവേഷണ സ്ഥാപനമായ സിഫ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. ചിലിക ഡെവലപ്മെന്റ് അതോറിറ്റി, സസ്റ്റയിനബിൾ സീഫുഡ് നെറ്റ് വർക് ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണമുണ്ട്. 

ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ തടാകവും യുനെസ്കോ അംഗീകരിച്ച ജൈവവൈവിധ്യ കേന്ദ്രവുമാണ് ചിലിക തടാകം.  ഈ തടാകത്തെ ആശ്രയിച്ചുള്ള സമ്പന്നമായ ജൈവവൈവിധ്യവും ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. അമിത മത്സ്യബന്ധനവും മലിനീകരണവും ഉൾപ്പെടെ  മേഖലയിലെ ഉൾനാടൻ, സമുദ്ര ആവാസവ്യവസ്ഥകൾ നേരിടുന്ന പ്രധാന ഭീഷണികളെ നേരിടുന്നതിന് കൂട്ടായ ശ്രമം അനിവാര്യമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. 

സുസ്ഥിരത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ സീഫുഡ് കയറ്റുമതിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. കൂടുതൽ വിദേശ വിപണികളിൽ പ്രവേശനം ലഭിക്കാൻ ഉയർന്ന വില ലഭിക്കാനും അവസരമൊരുങ്ങും. 

അതൊടൊപ്പം, മത്സ്യസമ്പത്തിന്റെയും ചിൽക തടാകത്തിന്റെയും സുസ്ഥിരത ഉറപ്പുവരുത്താനുമാകും. ഇതിനായി കൂട്ടായ ​ഗവേഷണങ്ങളും പ്രവർത്തനങ്ങൾക്കും ​ഗവേഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റ് വിദ​ഗ്ധരുടെയും യോ​ഗത്തിൽ തീരുമാനമായി. സിഫ്റി ഡയറക്ടർ ബി കെ ദാസ്, ഡോ സുനിൽ മുഹമ്മദ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img