10:19pm 18 April 2026
NEWS
ഇന്തോനേഷ്യക്ക് ബ്രഹ്മോസ് മിസൈൽ നൽകാൻ 450 മില്യൺ ഡോളറിന്റെ ഇടപാടിന് അന്തിമ രൂപമായെന്ന് റിപ്പോർട്ട്

18/01/2025  08:53 AM IST
nila
ഇന്തോനേഷ്യക്ക് ബ്രഹ്മോസ് മിസൈൽ നൽകാൻ 450 മില്യൺ ഡോളറിന്റെ ഇടപാടിന് അന്തിമ രൂപമായെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്തോനേഷ്യക്ക് ബ്രഹ്മോസ് മിസൈൽ നൽകുന്നതുമായി ബന്ധപ്പെട്ട കരാറിന് അന്തിമരൂപമായെന്ന് റിപ്പോർട്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ സംവിധാനം ഇന്തോനേഷ്യക്കും കൈമാറാനാണ് നീക്കം. ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നായ ബ്രഹ്മോസ് ഇന്തോനേഷ്യക്ക് നൽകുന്നതിനായി  450 മില്യൺ ഡോളറിന്റെ കരാറിനാണ് ഇന്ത്യ രൂപം നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

ബ്രഹ്മോസ് മിസൈൽ ഇടപാട് സംബന്ധിച്ച് ജക്കാർത്തയിലെ ഇന്ത്യൻ എംബസിയുമായി ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  ഇന്തോനേഷ്യൻ പ്രസിഡൻ്റിന്റെ ന്യൂഡൽഹി സന്ദർശന വേളയിൽ കരാർ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇക്കുറി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്  ഇന്തോനേഷ്യൻ പ്രസിഡൻ്റാണ്. 

ഇതിനായുള്ള വായ്പയുടെ ഘടന നിർണ്ണയിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ എക്‌സിഎം ബാങ്കാണ് ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നത്. പക്ഷേ ഇപ്പോഴത്തെ റിപ്പോർട്ടുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ മറ്റേതെങ്കിലും ദേശീയ ബാങ്കോ വഴി ഇന്തോനേഷ്യയ്‌ക്ക് വായ്പ വാഗ്ദാനം ചെയ്യുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ട്.

ആഗോള പ്രതിരോധ കയറ്റുമതി വിപണിയിൽ ഇന്ത്യ വലിയ നേട്ടമുണ്ടാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2023 ഏപ്രിലിൽ ഫിലിപ്പൈൻസുമായി ബ്രഹ്മോസ് മിസൈൽ ബാറ്ററികൾ വിതരണം ചെയ്യുന്നതുൾപ്പെടെ 375 ദശലക്ഷം യുഎസ് ഡോളറിന്റെ പ്രതിരോധ കരാർ ഉണ്ടായി. 2024 ജനുവരിയിൽ ഇന്തോനേഷ്യ ബ്രിക്‌സ് ഗ്രൂപ്പിൽ ചേർന്നതോടെ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ഏറെ ശക്തിപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img