10:39am 13 June 2026
NEWS
തരൂരിനെ മുന്നിൽ നിർത്തി ബിജെപി; കോൺ​ഗ്രസിന് വൻ പ്രതിസന്ധി
16/05/2025  08:22 PM IST
nila
തരൂരിനെ മുന്നിൽ നിർത്തി ബിജെപി; കോൺ​ഗ്രസിന് വൻ പ്രതിസന്ധി

പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരതയെ ആ​ഗോളതലത്തിൽ തുറന്നു കാട്ടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം കോൺ​ഗ്രസിന് സൃഷ്ടിക്കുന്നത് വൻ പ്രതിസന്ധി. അടുത്തയാഴ്ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ തിരുവനന്തപുരം എംപി ശശി തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയതാണ് കോൺ​ഗ്രസിന് പ്രതിസന്ധിയാകുന്നത്. ഇന്ത്യാ - പാക് സംഘർഷത്തിൽ കോൺ​ഗ്രസ് നിലപാടിന് വിരുദ്ധമായി കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു തരൂർ സ്വീകരിച്ചത്.  പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതിന് കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പ്രതിനിധി സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, തരൂരാകും സംഘത്തെ നയിക്കുക എന്നും അഭ്യൂഹമുണ്ട്. പ്രതിനിധി സംഘത്തെ നയിക്കാൻ തരൂരിനോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ നിർദ്ദേശം തരൂർ സ്വീകരിച്ചാൽ അത് കോൺ​​ഗ്രസിന് ഇരട്ടി ആഘാതമാകും. പ്രതിനിധി സംഘത്തെ നയിക്കാൻ കേന്ദ്ര സർക്കാർ തരൂരിനെ സമീപിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഭീകരതയെ പിന്തുണക്കുന്ന പാകിസ്ഥാനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഈ നയതന്ത്ര നീക്കം. നയതന്ത്ര ദൗത്യത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള എംപിമാരെ സർക്കാർ സമീപിച്ചിട്ടുണ്ട്. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30-ലധികം എംപിമാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്, ടിഎംസി, ഡിഎംകെ, എൻസിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാർട്ടികളിൽ നിന്നുള്ള എംപിമാർ പ്രതിനിധി സംഘത്തിൽ ഉണ്ടാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. തരൂരിനെ കൂടാതെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് തുടങ്ങിയ എംപിമാരെയും സർക്കാർ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img