
ചണ്ഡീഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ ട്രെയിൻ സർവീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ജിന്ദിൽ നടന്ന ചടങ്ങിൽ ഏകദേശം 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ജിന്ദിനും സോനിപത്തിനും ഇടയിലുള്ള 89 കിലോമീറ്റർ പാതയിലാണ് ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹൈഡ്രജൻ ട്രെയിൻ വികസിപ്പിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമായ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഈ ട്രെയിനുകൾ ഹരിത ഗതാഗതത്തിന്റെ പുതിയ ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
ഏകദേശം 2,600 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാനാകുന്ന ട്രെയിനിൽ 3,200 എച്ച്.പി. ശേഷിയുള്ള പ്രൊപ്പൽഷൻ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് സർവീസ് നടത്തുക. പരമാവധി മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ട്രെയിനിന് കഴിയും.
ട്രെയിനിന്റെ പ്രവർത്തനത്തിനാവശ്യമായ ഹൈഡ്രജൻ വിതരണം ഉറപ്പാക്കാൻ ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉൽപ്പാദന, സംഭരണ, റീഫ്യൂവലിങ് പ്ലാന്റും ഒരുക്കിയിട്ടുണ്ട്. കംപ്രസ് ചെയ്ത ഹൈഡ്രജൻ സുരക്ഷിതമായി സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനവും ഇവിടെ സജ്ജമാണ്.
വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ച ആദ്യ രാജ്യം ജർമനിയായിരുന്നു. ഫ്രാൻസ്, ജപ്പാൻ, ചൈന, അമേരിക്ക എന്നിവയ്ക്കു പിന്നാലെ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. മറ്റ് രാജ്യങ്ങളിൽ സാധാരണയായി രണ്ട് മുതൽ നാല് വരെ കോച്ചുകളുള്ള ട്രെയിനുകളാണ് സർവീസിലുള്ളത്. ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന ശേഷിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.










