09:51pm 28 May 2026
NEWS
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് റയിൽവെയുടെ അനുമതി
28/05/2026  11:02 AM IST
NILA
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് റയിൽവെയുടെ അനുമതി

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകി. ഹരിയാണയിലെ ജിന്ദ്-സോനിപത്ത് റെയിൽപാതയിലാണ് 10 ബോഗികളുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സംവിധാനമാണ് ട്രെയിനിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടുമെന്നാണ് വിവരം.

ഇതോടെ ജർമ്മനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം റെയിൽ ഗതാഗതത്തിൽ ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയും ഇടംപിടിക്കും.

ആദ്യഘട്ട സർവീസുകൾ സാങ്കേതിക വിദഗ്ധരുടെ കർശന മേൽനോട്ടത്തിലായിരിക്കും നടക്കുക. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും നിരീക്ഷണത്തിലാക്കും. പ്രത്യേക പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയ ജീവനക്കാരെയാണ് പ്രധാന ചുമതലകൾക്ക് നിയോഗിച്ചിരിക്കുന്നത്.

ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണം എന്നിവ നടക്കുന്ന കേന്ദ്രങ്ങളിൽ ചോർച്ച കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും തീപിടിത്തം തടയാനുള്ള സുരക്ഷാ സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്. ജിന്ദ് സ്റ്റേഷനിൽ ഹൈഡ്രജൻ സംഭരണത്തിനും ഇന്ധനം നിറയ്ക്കുന്നതിനുമായി ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിച്ചു. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (PESO) അനുമതിയും ലഭിച്ചിട്ടുണ്ട്.

ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിച്ചാണ് ട്രെയിൻ പ്രവർത്തിക്കുക. പ്രവർത്തനത്തിനിടെ നീരാവി മാത്രമാണ് പുറന്തള്ളുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ട്രെയിനുകളിലേക്ക് കടക്കുന്നത്.

ഡൽഹിയിൽ അടുത്തിടെ ആരംഭിച്ച ഹൈഡ്രജൻ ഷട്ടിൽ ബസ് സർവീസിന് പിന്നാലെയാണ് റെയിൽവേയുടെ ഈ നിർണായക നീക്കം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനു വേണ്ടി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ ഹൈഡ്രജൻ ബസുകൾ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നുണ്ട്.

ഹൈഡ്രജൻ അടിസ്ഥാനമാക്കിയ ഗതാഗത സാങ്കേതികവിദ്യ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും വളരെ കുറച്ച് രാജ്യങ്ങളിലാണ് ഇത് വ്യാപകമായി ഉപയോഗത്തിലിരിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവയ്പ്പായാണ് പുതിയ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയെ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img