
പത്തു വർഷം കൊണ്ട് ചകിരിച്ചോർ വിറ്റ് ഇന്ത്യ നേടിയത് കോടികൾ. 13,000 കോടി രൂപയുടെ ചകിരിച്ചോർ രാജ്യം കയറ്റുമതി ചെയ്തു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരുകാലത്ത് ആർക്കും വേണ്ടാതെ കിടന്ന ചകിരിച്ചോർ കയറ്റുമതി മേഖലയിലെ മിന്നും താരമാണ്. ഉത്തേജിതകരി (ആക്ടിവേറ്റഡ് കാർബൺ)യെക്കാളും കൂടുതലായി ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്ന നാളികേര ഉത്പന്നമാണ് ചകിരിച്ചോർ. ലോകവിപണിയിൽ ഏറെ ഡിമാൻഡുള്ള നാളികേര ഉത്പന്നമാണ് ഉത്തേജിതകരി.
പത്തുവർഷംകൊണ്ട് 50 ലക്ഷം ടൺ ചകിരിച്ചോറാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. കൃഷിയാവശ്യത്തിന് ഉപയോഗിക്കാൻ തുടങ്ങിയതോടെ വിദേശ രാജ്യങ്ങളിലുൾപ്പെടെ ആവശ്യക്കാരേറിയതോടെയാണ് ചകിരിച്ചോറിന് ഡിമാൻഡ് വർധിച്ചത്. അമേരിക്ക, ദക്ഷിണകൊറിയ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. കയർ-കയറുത്പന്ന കയറ്റുമതിയിൽ ചകിരിച്ചോറിന്റെ വിഹിതം 54.1 ശതമാനമാണ്. കഴിഞ്ഞ വർഷം 3396 കോടി രൂപയാണ് കയർമേഖലയുടെ കയറ്റുമതി മൂല്യം. ഇതിൽ 1837 കോടിയും ചകിരിച്ചോറിന്റെ സംഭാവനയാണ്.
പത്തുവർഷം മുൻപ് 3.16 ലക്ഷം ടൺ ചകിരിച്ചോറാണ് കയറ്റി അയച്ചതെങ്കിൽ കഴിഞ്ഞവർഷം 7.05 ലക്ഷമായി. കയർ കയറ്റുമതി അതേസമയം, 25.7-ൽനിന്നും 14.2 ശതമാനത്തിലേക്ക് താഴ്ന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ചകിരിച്ചോർ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. അതേസമയം, ആഭ്യന്തര ആവശ്യക്കാർ ഏറെയായതിനാൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി കുറവാണ്.











