06:00pm 30 April 2026
NEWS
മദർ ഓഫ് ഓൾ ഡീൽസ് യാഥാർത്ഥ്യമായി; ഒപ്പുവെച്ചത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറിൽ
27/01/2026  02:32 PM IST
nila
മദർ ഓഫ് ഓൾ ഡീൽസ് യാഥാർത്ഥ്യമായി; ഒപ്പുവെച്ചത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറിൽ

ന്യൂഡൽഹി: ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ആ​ഗോള പ്രതിസന്ധികൾക്കിടെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെച്ചത് എന്നതും ശ്രദ്ധേയമാണ്. രണ്ട് പ്രധാന ജനാധിപത്യ ശക്തികൾ അവരുടെ ബന്ധത്തിൽ നിർണായക അധ്യായം കൂട്ടിച്ചേർക്കുന്ന മറ്റൊരു നിമിഷമാണ് ഇന്നെന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയുമായുള്ള മദർ ഓഫ് ഓൾ ഡീൽസ് യാഥാർത്ഥ്യമാവുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്ൻ പറഞ്ഞു.

2007ൽ തുടങ്ങിയ വ്യാപാര കരാർ ചർച്ചകളാണ് 19 വർഷത്തിന് ശേഷം യാഥാർത്ഥ്യമാകുന്നത്. പ്രതിരോധരംഗത്തടക്കം തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ, കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകും.ഇന്ത്യയെ സംബന്ധിച്ചിടത്തോളം വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ കരാർ.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും യൂറോപ്യൻ യൂണിയനും അവരുടെ ബന്ധങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, സാമ്പത്തിക സമന്വയം, ജനങ്ങളോടുള്ള ബന്ധം എന്നിവയിൽ അധിഷ്ഠിതമായി ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുകയാണ്. ഇരു കക്ഷികൾക്കുമിടയിലുള്ള വ്യാപാരം 180 ബില്യൺ യൂറോ ആണെന്നും മോദി പറഞ്ഞു.

കരാർ നിക്ഷേപം വർധിപ്പിക്കുകയും പുതിയ നവീകരണ പങ്കാളിത്തങ്ങൾ രൂപവത്കരിക്കുകയും ആഗോള തലത്തിൽ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി പറഞ്ഞു. ലോകക്രമത്തിൽ വലിയ തോതിലുള്ള അസ്വസ്ഥതകൾ നിലനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള പങ്കാളിത്തം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ കരുത്തും സ്ഥിരതയും നൽകും. യുക്രൈൻ, പശ്ചിമേഷ്യ, ഇന്തോ-പസഫിക് മേഖല എന്നിവയുൾപ്പെടെ വിവിധ ആഗോള വിഷയങ്ങളെക്കുറിച്ച് ഇന്ന് വിശദമായി ചർച്ച നടത്തി. ബഹുരാഷ്ട്ര വാദത്തോടുള്ള ആദരവും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതും ഞങ്ങളുടെ സംയുക്ത മുൻഗണനയാണെന്നും മോദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img