
ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്കെന്ന് റിപ്പോർട്ട്. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ഇരുഭാഗത്തുനിന്നുമുള്ള ചർച്ചകൾ പൂർത്തിയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി ഇനി മന്ത്രിതല ചർച്ചകൾ നടക്കേണ്ടതുണ്ട്. ഇതിനു ശേഷം ഡിസംബറോടെ കരാർ നിലവിൽ വരുമെന്നാണ് സൂചന. അമേരിക്കയുമായുള്ള വ്യാപാര കരാർ വഴിമുട്ടിനിൽക്കെയാണ് യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ ഇന്ത്യ നിർണായക നീക്കം നടത്തുന്നത്.
നിലവിൽ ഇരുഭാഗത്തുനിന്നുമുള്ള പ്രതിനിധികൾ 12 വട്ടത്തോളം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപം, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നത്. കൃഷി, ക്ഷീരമേഖലകൾ യൂറോപ്യൻ രാജ്യങ്ങൾക്കായി തുറന്നുനൽകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കരാർ യാഥാർഥ്യമായാൽ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികൾ ഇന്ത്യയ്ക്ക് തുറന്നുകിട്ടും.
നേരത്തെ യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായുള്ള വ്യാപാര കരാർ ഒപ്പുവെച്ചിരുന്നു. യൂറോപ്യൻ യൂണിയനുമായുള്ള കരാർ യാഥാർഥ്യമായാൽ യൂറോപ്പിലെ വിശാലമായ വിപണി ഏതാണ്ട് പൂർണമായും ഇന്ത്യയ്ക്ക് തുറന്നുകിട്ടും. ഇന്ത്യയിൽനിന്നുള്ള മരുന്നുകൾ, ടെക്സ്റ്റൈൽ, വാഹനങ്ങൾ എന്നിവയ്ക്ക് പുതിയ വിപണി തുറന്നുകിട്ടും. ഇതിന് പുറമെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം വർധിക്കും. സാങ്കേതികവിദ്യ കൈമാറ്റങ്ങൾ എളുപ്പമാകും. ഇതിലൂടെ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കാണ് വഴിതുറക്കുക.











