03:39am 06 November 2026
NEWS
പ്രളയ് മിസൈൽ പരീക്ഷണം വീണ്ടും വിജയം; ഈ മാസം രണ്ടാം വിക്ഷേപണം നടത്തി ഇന്ത്യ
05/11/2026  08:50 PM IST
nila
പ്രളയ് മിസൈൽ പരീക്ഷണം വീണ്ടും വിജയം; ഈ മാസം രണ്ടാം വിക്ഷേപണം നടത്തി ഇന്ത്യ

 

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച പ്രളയ് ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഒഡീഷ തീരത്ത് ഇന്ന് രാവിലെ 11.10നായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) മിസൈൽ വിക്ഷേപിച്ചത്. ഉപയോക്തൃ മൂല്യനിർണയ പരീക്ഷണങ്ങളുടെ (യൂസർ ഇവാലുവേഷൻ ട്രയൽ) ഭാഗമായാണ് വിക്ഷേപണം നടത്തിയത്. നവംബർ മൂന്നിന് നടത്തിയ പരീക്ഷണത്തിന് പിന്നാലെ ഈ മാസം നടക്കുന്ന രണ്ടാമത്തെ പരീക്ഷണമാണിത്.

പരീക്ഷണത്തിനായി നിശ്ചയിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും കൃത്യമായി കൈവരിക്കാനായെന്ന് ഡി.ആർ.ഡി.ഒ. അറിയിച്ചു. വിവിധ റേഞ്ച് ഉപകരണങ്ങൾ ശേഖരിച്ച വിവരങ്ങളും മിസൈലിന്റെ വിജയകരമായ പ്രകടനം സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്കും സൈനിക ശേഷിക്കും കരുത്തുപകരുന്ന സുപ്രധാന നേട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കരയിൽനിന്ന് കരയിലേക്ക് വിക്ഷേപിക്കാവുന്ന സോളിഡ് പ്രൊപ്പല്ലന്റ് അധിഷ്ഠിത മിസൈലാണ് പ്രളയ്. പേലോഡിന്റെ ഭാരത്തിനനുസരിച്ച് 150 മുതൽ 500 കിലോമീറ്റർ വരെയാണ് ഇതിന്റെ പ്രഹരപരിധി. 1,000 കിലോഗ്രാം ഭാരമുള്ള പേലോഡ് വഹിക്കുമ്പോൾ 350 കിലോമീറ്റർ ദൂരത്തും 500 കിലോഗ്രാം പേലോഡുമായി ഏകദേശം 500 കിലോമീറ്റർ ദൂരത്തും ലക്ഷ്യം ഭേദിക്കാൻ മിസൈലിന് കഴിയും.

കൃത്യതയാർന്ന ആക്രമണം സാധ്യമാക്കുന്നതിനായി അത്യാധുനിക ഗൈഡൻസ്, നാവിഗേഷൻ സംവിധാനങ്ങളും പ്രളയിലുണ്ട്. വിവിധ തരത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വ്യത്യസ്ത വാർഹെഡുകൾ ഘടിപ്പിക്കാനും സാധിക്കും.

മൊബൈൽ ലോഞ്ചറുകളിൽനിന്ന് വിക്ഷേപിക്കാവുന്ന രീതിയിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവഴി ആവശ്യാനുസരണം വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിക്കാനാകും. സാധാരണ ബാലിസ്റ്റിക് മിസൈലുകളെപ്പോലെ പ്രവചിക്കാവുന്ന പാതയിലൂടെയല്ല പ്രളയ് സഞ്ചരിക്കുന്നത്. പറക്കുന്നതിനിടെ ദിശയിൽ മാറ്റം വരുത്താൻ കഴിയുന്ന ക്വാസി-ബാലിസ്റ്റിക് പാതയാണ് ഇതിന്റെ പ്രത്യേകത. ശത്രുരാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താനുള്ള ശേഷി ഇതുവഴി മിസൈലിന് ലഭിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img