
ഇന്ത്യയുടെ രാഷ്ട്രീയ-മാധ്യമ മേഖലകളിൽ ഇപ്പോൾ പ്രചരിക്കുന്ന പ്രധാന വാർത്തയാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അമേരിക്ക അനുമതി നൽകി എന്നത്. 30 ദിവസത്തേക്ക് എണ്ണ വാങ്ങാനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത് എന്നും വാർത്തകളിൽവ്യക്തമാക്കുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷവും ചില മാധ്യമങ്ങളും കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ വാഷിംഗ്ടണിന്റെ “അനുമതി” വേണമെന്നത് കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. വാസ്തവത്തിൽ ഇന്ത്യക്ക് റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ അമേരിക്കയുടെ അനുവാദം ആവശ്യമുണ്ടോ?
ഇന്ത്യയ്ക്ക് എണ്ണ വാങ്ങാൻ ആരുടെയും അനുമതി വേണ്ട എന്നതാണ് വാസ്തവം. ഇപ്പോൾ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാത്രവുമല്ല, ഇന്ത്യ തങ്ങളുടെ ഊർജ്ജ - സാമ്പത്തിക നയങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനബോധം പോലും ഇല്ലാതെയാണ് ആരോപണം ഉയർത്തുന്നത് എന്ന് വ്യക്തമാകുന്നത് കൂടിയാണ്.
2026 ഫെബ്രുവരിയിൽ പോലും റഷ്യ തന്നെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരൻ. ഇന്ത്യൻ റിഫൈനറികൾ ദിവസേന ഏകദേശം 1.0 മില്യൺ ബാരൽ മുതൽ 1.7 മില്യൺ ബാരൽ വരെ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്തു. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 25–30 ശതമാനത്തോളം വരും. അതായത് ഒരു മാസത്തിനുള്ളിൽ ഏകദേശം 28 മുതൽ 48 മില്യൺ ബാരൽ വരെ റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. ലളിതമായി പറഞ്ഞാൽ, ദിവസേന ഏകദേശം 10 ലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഈ കണക്കുകൾ തന്നെ ഇന്ത്യയുടെ ഊർജ തീരുമാനങ്ങൾ പുറത്തുനിന്ന് ആരും നിർദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ്.
വാസ്തവത്തിൽ അമേരിക്കയുടെ അനുമതി വേണ്ടിയിരുന്നു എങ്കിൽ ഇത്ര വലിയ തോതിൽ ഈ ഇറക്കുമതികൾ തുടരാൻ തന്നെ സാധിക്കില്ലായിരുന്നു. എന്നാൽ ഇന്ത്യയുടെ നയം വളരെ ലളിതമായ ഒരു തത്വത്തെ അടിസ്ഥാനമാക്കിയതാണ്. 140 കോടിയിലേറെ വരുന്ന ജനങ്ങൾക്ക് ഊർജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ആ തത്വം.
എണ്ണ ഒരു ദേശീയ ആവശ്യകത
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയിൽ 85 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ്. അതിനാൽ വില, വിതരണ സ്ഥിരത, ജിയോപോളിറ്റിക്കൽ അപകടസാധ്യത, ആഭ്യന്തര വിലക്കയറ്റം എന്നിവയെല്ലാം കണക്കിലെടുത്താണ് സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടത്. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഓരോ ബാരൽ എണ്ണയും ഗതാഗത ചെലവ്, ഉൽപ്പാദന ചെലവ്, വൈദ്യുതി നിരക്ക് എന്നിവയെ ബാധിക്കുന്നു. ഒടുവിൽ അത് രാജ്യത്തെ മധ്യവർഗ്ഗ കുടുംബങ്ങളുടെ ദിവസേന ജീവിതച്ചെലവിൽ പോലും പ്രതിഫലിക്കുന്നു.
യുക്രെയ്ൻ യുദ്ധത്തിന് ശേഷം ഉണ്ടായ മാറ്റം
യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ തങ്ങളുടെ ഊർജ വിതരണ മാർഗങ്ങൾ വൈവിധ്യമാർന്നതാക്കാൻ തീരുമാനിച്ചത്. ആ സാഹചര്യത്തിൽ മത്സരാധിഷ്ഠിത വിലയിൽ ലഭ്യമായതിനാൽ റഷ്യൻ ക്രൂഡ് ഇന്ത്യൻ വിപണിക്ക് കൂടുതൽ ആകർഷകമായി. ഇന്ത്യൻ റിഫൈനറികൾ പ്രായോഗികമായ തീരുമാനങ്ങളാണ് എടുത്തത്. ഉപഭോക്താക്കളെ ആഗോള വില വർധനവിൽ നിന്ന് സംരക്ഷിക്കാനുള്ള നയം സർക്കാർ പിന്തുണച്ചു. അതേ സമീപനമാണ് ഇന്നും തുടരുന്നത്.
ചർച്ചകൾ സജീവം
അമേരിക്കയോടും റഷ്യയോടും, ഗൾഫ് രാജ്യങ്ങളോടും മറ്റു വിതരണക്കാരോടും ഇന്ത്യ സ്ഥിരമായി സംവാദം തുടരുന്നു. വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധങ്ങളിൽ വ്യാപാര ചർച്ചകളും താരിഫുകളും രാഷ്ട്രീയ സന്ദേശങ്ങളും സ്വാഭാവികമാണ്. എന്നാൽ ഇത്തരം ചർച്ചകളെ “അനുമതി”യായി അവതരിപ്പിക്കുന്നത് യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്നതാണ്. ഇന്ത്യയുടെ ഊർജ ഇറക്കുമതികൾ വിപണി സാഹചര്യങ്ങളും ദേശീയ താൽപ്പര്യങ്ങളും അടിസ്ഥാനമാക്കിയാണ് എന്ന് ഇന്ത്യ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തന്ത്രപരമായ സ്വയംഭരണം
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ചിലപ്പോൾ കർശന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇറക്കുമതി പൂർണമായും നിർത്തിയിട്ടില്ല. പകരം വിവിധ രാജ്യങ്ങളിൽ നിന്ന് വിതരണ മാർഗങ്ങൾ വർധിപ്പിക്കുകയും എല്ലാ പങ്കാളികളുമായി ബന്ധം നിലനിർത്തുകയും ചെയ്തു. ഇത് അമേരിക്കക്ക് കീഴടങ്ങലല്ല. മറിച്ച് തന്ത്രപരമായ സ്വയംഭരണമാണ്.
പുതിയ ജിയോപോളിറ്റിക്കൽ സമ്മർദ്ദങ്ങൾ
പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുകയും ഖത്തർ താൽക്കാലികമായി ഗ്യാസ് ഉൽപാദനം നിർത്തുകയും ചെയ്ത സാഹചര്യത്തിൽ ആഗോള ഊർജ വിപണിയിൽ സമ്മർദ്ദം ഉയരുകയാണ്. അത്തരം സാഹചര്യത്തിൽ ഒരു ഉത്തരവാദിത്തമുള്ള സർക്കാർ വിതരണ മാർഗങ്ങൾ കുറയ്ക്കുകയല്ല, മറിച്ച് കൂടുതൽ വ്യാപിപ്പിക്കുകയാണ് ചെയ്യേണ്ടത്. അവയിൽ ഒന്നാണ് റഷ്യ.
ചുരുക്കത്തിൽ, ഇന്ത്യയുടെ എണ്ണ നയം ആശയപരമായോ പുറം രാജ്യങ്ങളുടെ നിർദ്ദേശങ്ങളാലോ നിശ്ചയിക്കപ്പെടുന്നതല്ല. അത് പ്രായോഗികവും സ്വതന്ത്രവുമായും സാമ്പത്തിക ആവശ്യകതകളെ അടിസ്ഥാനമാക്കിയുമാണ് രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങൾ ഊർജ തീരുമാനങ്ങൾ ഒരിക്കലും ബാഹ്യശക്തികൾക്ക് വിടില്ല. അവർ ചർച്ച നടത്തും, വിവിധ ഉറവിടങ്ങൾ കണ്ടെത്തും, സ്വന്തം ജനങ്ങൾക്ക് ഏറ്റവും നല്ല കരാർ ഉറപ്പാക്കും. ഇന്നത്തെ ഇന്ത്യയും അതാണ് ചെയ്യുന്നത്.











