06:27pm 29 April 2026
NEWS
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഭസ്മമാക്കാൻ ഇന്ത്യ ഉപയോ​ഗിച്ച ആയുധങ്ങൾ ഇവയാണ്..
07/05/2025  07:27 AM IST
nila
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഭസ്മമാക്കാൻ ഇന്ത്യ ഉപയോ​ഗിച്ച ആയുധങ്ങൾ ഇവയാണ്..

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് ശക്തമായ സൈനികാക്രമണത്തിലൂടെ തന്നെയാണ്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലർച്ചെ ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ കര - വ്യോമ - നാവിക സേനാവിഭാ​ഗങ്ങൾ ആക്രമണത്തിൽ പങ്കാളികളായി. സ്കാൽപ് മിസൈലുകളും ഹാമർ ബോംബുകളും ഉപയോ​ഗിച്ചാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ചുട്ടുകരിച്ചത്. 

റഫാൽ വിമാനത്തിൽ നിന്നാണ് ക്രൂയിസ് മിസൈലുകൾ തൊടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്കാൽപ് മിസൈലുകളും ഹാമർ ബോംബുകളും ഉപയോ​ഗിച്ച് ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തു. ബഹവൽപുർ, മുരിദ്കെ, ഗുൽപുർ, ഭിംബർ, ചക് അമ്റു, ബാഗ്, കോട്​ലി, സിയാൽകോട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഒൻപത് ഭീകരത്താവളങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ബഹവൽപുറിലെ ജയ്ഷെ ക്യാംപുകളും മുരിദിലെ ലഷ്കർ കേന്ദ്രവുമായിരുന്നു പ്രധാന ലക്ഷ്യമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ആക്രമണം സംബന്ധിച്ച് ഇന്നു രാവിലെ ഇന്ത്യയുടെ വിശദീകരണുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ആക്രമണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ തൽസമയം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യഥാസമയം വിവരങ്ങൾ കൈമാറിയെന്നും റിപ്പോർട്ടുണ്ട്. പാക് അധീന കശ്മീരിൽ നടത്തിയ തിരിച്ചടിയെ കുറിച്ച് രാവിലെ പത്തരയോടെ ഇന്ത്യ ഔദ്യോഗികമായി വിശദീകരിക്കും.

നിയന്ത്രണരേഖയ്ക്ക് തൊട്ടരികെയുള്ള മുസാഫറബാദ് ലഷ്കർ ഭീകരരുടെയും ഭീകരക്യാപുകളുടെയും കൂടി കേന്ദ്രമാണ്. ലഹോറിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള മുരിദ്കെ , ലഷ്കർ തലവൻ ഹാഫിസ് സയീദിൻറെ കേന്ദ്രവുമാണ്. ബഹവൽപുറാവട്ടെ ജയ്ഷെയുടെ തന്ത്രപ്രധാന കേന്ദ്രവും. ഈ ഭീകരകേന്ദ്രങ്ങളെല്ലാം സൈന്യം തകർത്തുവെന്നും ഹമാസ് കമാൻഡർ ഖാലിദ് ഖയൂമിയും റൗഫ് അസ്ഗറും കൂടിക്കാഴ്ച നടത്തിയ കെട്ടിടമുൾപ്പടെ സൈന്യം നശിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു പാക് അധീന കശ്മീരിലെ ഈ കേന്ദ്രത്തിൽ വച്ച് ഹമാസ് നേതാക്കൾ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img