
ഡീപ് ഓഷ്യൻ മിഷന്റെ ഭാഗമായി സമുദ്രത്തിന്റെ 5,002 മീറ്റർ ആഴത്തിൽ അക്വാനാട്ടിനെ അയച്ച് ഇന്ത്യ. നാവികസേനയിൽ നിന്നും വിരമിച്ച കമാൻഡർ ജമ്മു സ്വദേശി ജതീന്ദർ പാൽ സിങ് ആണ് ഈ മാസം ആറിന് അറ്റ്‍ലാന്റിക് സമുദ്രത്തിൽ 5,002 മീറ്റർ ആഴത്തിലേക്ക് സഞ്ചരിച്ചത്. ‘നോട്ടീൽ’ എന്ന ജലപേടകത്തിലായിരുന്നു യാത്ര. ഫ്രാൻസുമായി സഹകരിച്ചായിരുന്നു ഇന്ത്യയുടെ മനുഷ്യ സമുദ്രദൗത്യം എന്നറിയപ്പെടുന്ന 'സമുദ്രയാൻ പദ്ധതി'ക്കു മുന്നോടിയായുള്ള ഈ യാത്ര.
ഓഗസ്റ്റ് 5ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി) ശാസ്ത്രജ്ഞനായ രാജു രമേഷ് 4,025 മീറ്റർ ആഴത്തിലേക്ക് സഞ്ചരിച്ചിരുന്നു. തമിഴ്നാട് സ്വദേശിയാണ് രാജു രമേഷ്. യാത്രികർ കടലിന്റെ അടിത്തട്ടിൽ 5 മണിക്കൂറോളം ചെലവഴിച്ചു. പേടകത്തിനുള്ളിലിരുന്ന് പുറത്തെ റോബട്ടിക് കരങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെയും ഫ്രാൻസിന്റെയും ദേശീയപതാകകൾ കടലിന്റെ അടിത്തട്ടിൽ സ്ഥാപിച്ചു. താഴേക്കു പോയി തിരിച്ചുവരാൻ ഏകദേശം 9 മണിക്കൂറാണ് എടുത്തത്. 2027 അവസാനത്തോടെ 6 കിലോമീറ്റർ ആഴത്തിലേക്കു ജലയാത്രികരെ അയയ്ക്കാനുള്ള ‘മത്സ്യ 6000’ എന്ന പേടകം ഇന്ത്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.











