
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. പെട്രോളിന് ഈടാക്കിയിരുന്ന 13 രൂപയുടെ അധിക തീരുവ 3 രൂപയായി കുറച്ചു. ഡീസലിന് ബാധകമായിരുന്ന 10 രൂപയുടെ അധിക തീരുവ പൂർണമായും ഒഴിവാക്കി. ക്രൂഡ് വില വർധനയുടെ ആഘാതം നേരിട്ട് ജനങ്ങൾക്ക് ബാധിക്കാതിരിക്കാനും, ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ നഷ്ടം കുറയ്ക്കാനുമാണ് ഈ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം, ഈ മാറ്റം ഉടൻ പമ്പുകളിലെ പെട്രോൾ-ഡീസൽ വിലയിൽ പ്രതിഫലിക്കാനിടയില്ലെന്നാണു സൂചന. ഇതിനോടകം തന്നെ സ്വകാര്യ എണ്ണക്കമ്പനിയായ നയാര ഇന്ധനവില ഉയർത്തിയിട്ടുണ്ട്. മറ്റ് കമ്പനികളും വില വർധിപ്പിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് കേന്ദ്രത്തിന്റെ നീക്കം.
നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 106.73 ഡോളറിലാണ്. കഴിഞ്ഞ ഏപ്രിലിൽ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിരുന്ന സമയത്ത് കേന്ദ്രം എക്സൈസ് തീരുവ 2 രൂപ വീതം വർധിപ്പിച്ചിരുന്നു. അന്ന് പമ്പുകളിലെ വിലയിൽ മാറ്റമുണ്ടായില്ലെങ്കിലും, ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നില്ല.











