10:29am 28 July 2026
NEWS
സമീപ ഭാവിയിൽ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്
28/08/2025  04:19 PM IST
nila
സമീപ ഭാവിയിൽ ഇന്ത്യ  ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്

സമീപ ഭാവിയിൽ തന്നെ ഇന്ത്യ  ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്. 2038 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 20.7 ട്രില്യൺ ഡോളറിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു. ഇക്കണോമി വാച്ച് റിപ്പോർട്ടിന്റെ ഓഗസ്റ്റ് ലക്കത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രവചനമുള്ളത്. ജനസംഖ്യാശാസ്‌ത്രം മാത്രമല്ല, ഘടനാപരമായ പരിഷ്‌കാരങ്ങളും പ്രതിരോധശേഷിയുള്ള അടിസ്ഥാനകാര്യങ്ങളും ഇന്ത്യയുടെ വളർച്ചാ പാതയെ ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 അമേരിക്കൻ താരിഫുകൾ വർധിപ്പിച്ചത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 0.9 ശതമാനത്തെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, കയറ്റുമതി വൈവിധ്യവൽക്കരണം, ആഭ്യന്തര ആവശ്യം വർദ്ധിപ്പിക്കൽ, മറ്റ് രാജ്യങ്ങളുമായും ബ്ലോക്കുകളുമായും വ്യാപാര പങ്കാളിത്തം മെച്ചപ്പെടുത്തൽ തുടങ്ങിയ ഉചിതമായ പ്രതിരോധ നടപടികളിലൂടെ ജിഡിപി വളർച്ചയിൽ അവയുടെ സ്വാധീനം വെറും 0.1 ശതമാനം പോയിന്റിൽ പരിമിതപ്പെടുത്താൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു.


ഉയർന്ന സമ്പാദ്യ, നിക്ഷേപ നിരക്കുകൾ, അനുകൂലമായ ജനസംഖ്യാശാസ്‌ത്രം, സുസ്ഥിരമായ സാമ്പത്തിക സ്ഥിതി എന്നിവയുൾപ്പെടെയുള്ള ശക്തമായ സാമ്പത്തിക അടിസ്ഥാനതത്വങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയെ ഇന്ന് വേറിട്ടു നിർത്തുന്നത് എന്ന് EY പറയുന്നു. താരിഫ് സമ്മർദ്ദങ്ങൾ, വ്യാപാരം മന്ദഗതിയിലാകൽ തുടങ്ങിയ അനിശ്ചിതത്വങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും, ആഭ്യന്തര ആവശ്യകതയെ ആശ്രയിക്കുന്നതും ആധുനിക സാങ്കേതികവിദ്യകളിലെ കഴിവുകൾ വർദ്ധിപ്പിക്കുന്നതുമാണ് ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കാരണമെന്ന് റിപ്പോർട്ട് പറയുന്നു.

കൂടാതെ മറ്റ് രാജ്യങ്ങൾ കടംവാങ്ങിക്കൂട്ടുമ്പോൾ ഇന്ത്യ സ്വന്തം കടം കുറച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ കടം-ജിഡിപി അനുപാതം 2024ലെ 81 ശതമാനത്തിൽ നിന്ന് 2030 ആകുമ്പോഴേക്കും 75 ശതമാനം എന്ന നിലയിലേക്ക് കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു രാജ്യത്തിന്റെ പൊതുകടവും മൊത്ത ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതമാണ് കടം-ജിഡിപി അനുപാതം. ഇത് കുറഞ്ഞുനിൽക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

യുഎസ്, ചൈന, ജർമനി, ജപ്പാൻ തുടങ്ങിയ വലിയ സമ്പദ്‌വ്യവസ്ഥകൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നില്ല. ഉദാഹരണത്തിന് ചൈനയിൽ പ്രായമാകുന്നവരുടെ ജനസംഖ്യ കൂടിക്കൂടി വരുന്നു. ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മറിച്ച് യു.എസ് നേരിടുന്നത് ഭീമമായ കടത്തിനെയാണ്. ഈ രാജ്യങ്ങളെല്ലാം ആഗോള വ്യാപാരത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതിലുണ്ടാകുന്ന ഏത് പ്രതിസന്ധികളും ആ രാജ്യങ്ങളെ തകർച്ചയിലേക്ക് നയിച്ചേക്കാം.

എന്നാൽ ഇന്ത്യയുടെ സ്ഥിതി മറ്റൊരു തലത്തിലാണ്. യുവാക്കളുടെ എണ്ണം, ഉയർന്ന ആഭ്യന്തര ഉപഭോഗം, സാമ്പത്തികമായ മികച്ച അടിത്തറ എന്നിവ ശോഭനമായൊരു ഭാവിയാണ് ഇന്ത്യയ്ക്കായി ഒരുക്കിയിരിക്കുന്നത്. 2047 ഓടെ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഈ ലക്ഷ്യം ഇന്ത്യ കൈവരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2028ൽ ജർമനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. യു.എസ് ഏർപ്പെടുത്തിയ താരിഫ് പ്രതിസന്ധി ബാധിച്ചാലും ഈ നേട്ടം മറികടകക്കും. യു.എസ് താരിഫ് ഇന്ത്യയുടെ ജിഡിപിയിൽ 0.9 ശതമാനം മാത്രമേ കുറവ് വരുത്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നിരുന്നാലും ഉയർന്ന ആഭ്യന്തര ഉപഭോഗം ഇന്ത്യയ്ക്ക് സഹായകമായി മാറും.

ഉയർന്ന യുവജന സംഖ്യ, വർധിച്ചുവരുന്ന ആഭ്യന്ത ഉപഭോഗം, സാമ്പത്തിക അച്ചടക്കം, ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ തുടങ്ങിയവ ഇന്ത്യയെ ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി ഉയർത്തുമെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img